ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു; ചാവേറിന്‍റെ വീഡിയോ ദൃശ്യം പുറത്ത്

Jaihind Webdesk
Tuesday, April 23, 2019

;e

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേർ സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ISIS) ഏറ്റെടുത്തു. ഐ.എസിന്‍റെ ഔദ്യോഗിക ന്യൂസ് പോര്‍ട്ടലായ അല്‍ അമാഖ് വഴിയാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിപ്പ് വന്നത്. തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയുള്ള മുന്നറിയിപ്പാണ് ശ്രീലങ്കയിലെ ആക്രമണമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി.

ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളില്‍ 320 ലേറെ പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 8 ഇന്ത്യക്കാരും ഉൾപ്പെടുന്നു. കൊളംബോയിലെ സെന്‍റ് ആന്‍റണീസ് പള്ളി, നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി, കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്‍റ് മിഖായേല്‍ പള്ളി, കൊളംബോയിലെ ആഢംബര ഹോട്ടലുകളായ ഷാന്‍ഗ്രി-ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകൊടെ ജില്ലയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്.

നാഷനൽ തൗഹീദ് ജമാത് (NTJ), ജമാഅത്തുൾ മിലാത്ത് ഇബ്രാഹിം (JMI) എന്നീ സംഘടനകളാണ് സ്ഫോടനപരമ്പരയ്ക്ക് പിന്നിലെന്ന് ശ്രീലങ്കൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഐ.എസ് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിനുള്ള മറുപടിയാണിതെന്നാണ് ഐ.എസ് വ്യക്തമാക്കിയത്. മാർച്ച് 15ന് ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 2 മസ്ജിദുകളിൽ ഭീകരൻ നടത്തിയ വെടിവെപ്പില്‍ 50 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം ചാവേറെന്ന് സംശയിക്കുന്ന ഒരാള്‍ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നു. ഇയാളുടെ ചുമലിലുണ്ടായിരുന്ന ബാഗില്‍ സ്ഫോടക വസ്തുക്കളായിരുന്നുവെന്ന് കരുതപ്പെടുന്നു. വീഡിയോ കാണാം.

teevandi enkile ennodu para