മഞ്ചേരി ഗ്രീൻ വാലി അക്കാദമി ആയുധ-കായിക പരിശീലന കേന്ദ്രം; കണ്ടുകെട്ടി എന്‍ഐഎ

Jaihind Webdesk
Tuesday, August 1, 2023

 

മലപ്പുറത്തെ മഞ്ചേരി ഗ്രീൻ വാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. ഗ്രീൻ വാലി അക്കാദമിയുടെ മറവിലാണ് പിഎഫ്ഐ (PFI) ആയുധ പരിശീലനവും കായിക പരിശീലനവും നൽകിയിരുന്നതെന്ന് എൻഐഎ അറിയിച്ചു.

കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ആയുധ, ആയോധന പരിശീലന കേന്ദ്രമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയ മഞ്ചേരി ഗ്രീൻ വാലിയാണ് എൻഐഎ പിടിച്ചെടുത്തത്. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻ വാലി അക്കാദമിയുടെ മറവിലാണ് ആയുധ പരിശീലന കേന്ദ്രമെന്ന് എൻഐഎ പറഞ്ഞു. പിഎഫ്‌ഐ അവരുടെ ‘സർവീസ് വിംഗിന്‍റെ’ ഭാഗമായി തങ്ങളുടെ കേഡർമാർക്ക് ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തെയും പരിശോധനയെയും കുറിച്ചുള്ള പരിശീലനം എന്നിവ നൽകുന്നതിന് ഈ സ്വത്ത് ഉപയോഗിച്ചിരുന്നു. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം പിഎഫ്‌ഐ അംഗങ്ങൾക്ക് അഭയം നൽകാനും ഈ സൗകര്യം ഉപയോഗിച്ചെന്നും എൻഐഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വിദ്യാഭ്യാസവും വ്യക്തിത്വ വികസന നൈപുണ്യവും നൽകുന്നതിന്‍റെ മറവിൽ പിഎഫ്‌ഐയുടെയും അതിന്‍റെ മുന്നണി സംഘടനകളുടെയും ഓഫീസുകൾ ഈ പരിസരങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. പിഎഫ്‌ഐയുടെ ഭീകരപ്രവർത്തനങ്ങൾക്കെതിരെ തുടരുന്ന അടിച്ചമർത്തലിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് എൻഐഎ വ്യക്തമാക്കി. ഇതുവരെ യുഎപിഎ വകുപ്പുകൾ പ്രകാരം പിഎഫ്ഐയുടെ കേരളത്തിലെ 18 ഇടങ്ങളിലെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്.