നെഹ്‌റു സ്മരണയില്‍ രാജ്യം : പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മ്മയായിട്ട് ഇന്ന് 58 വര്‍ഷം

Jaihind Webdesk
Friday, May 27, 2022

നെഹ്‌റു സ്മരണയില്‍ രാജ്യം. രാജ്യത്തിന്‍റെ  പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓര്‍മ്മയായിട്ട് ഇന്ന് 58 വര്‍ഷം. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്‌നം കണ്ട ആ രാഷ്ട്രശില്‍പി അത് സാക്ഷാത്കരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാജ്യചരിത്രത്തിന്‍റെ ഭാഗമാണ്.

ഇന്ത്യയ്ക്ക് ഇന്ന്  കാണുന്ന മതേതര, സോഷ്യലിസ്റ്റ് ജനാധിപത്യ ഛായ നല്‍കിയത് നെഹ്റുവാണ്. 1964-ല്‍ തന്‍റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. അമര്‍ ചിത്ര കഥയില്‍ അദ്ദേഹം രാഷ്ട്ര ശില്പിയായിരുന്നു. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യം നിമിത്തം പലര്‍ക്കും അദ്ദേഹം ചാച്ചാ നെഹ്റു ആയിരുന്നു. സ്വാതന്ത്ര്യ ലബ്ധിയില്‍ അദ്ദേഹത്തിന്‍റെ  നേതൃത്വത്തിലാണ് ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തിനുവേണ്ട എല്ലാം തന്നെ ചര്‍ച്ചകളിലൂടെ നേടിയെടുക്കപ്പെട്ടത്. ഒരു സ്വയം പര്യാപ്ത രാഷ്ട്രം എന്ന നിലയില്‍ ഭാരതത്തിന്‍റെ  നയങ്ങളെല്ലാം തന്നെ രൂപപ്പെട്ടത് ഈ ധിഷണയിലാണ്. ഗാന്ധിജി രാഷ്ട്ര പിതാവാണെങ്കില്‍, നെഹ്റു രാഷ്ട്ര നിര്‍മ്മാതാവാണ്. ഇന്ത്യയുടെ വിദേശനയങ്ങളും, ആഭ്യന്തര ഭരണസംവിധാനങ്ങളില്‍ പലതും രൂപകല്‍പന ചെയ്തത് അദ്ദേഹമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന് 9 തവണ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ആകെ 3,259 ദിവസങ്ങളാണ് അദ്ദേഹം ജയിലില്‍ ചെലവഴിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ നെഹ്‌റു നടത്തിയ ശ്രദ്ധേയമായ പ്രസംഗം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പ്രഭാഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജവഹര്‍ലാല്‍ നെഹ്‌റു പിന്നീട് ഇന്ത്യയുടെ വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്റു രാജ്യാന്തരതലത്തില്‍ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964ല്‍ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.  സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്‍റെ രാഷ്ട്രീയദര്‍ശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്.

നെഹ്രുവിന്‍റെ വസ്ത്രധാരണം ലോകശ്രദ്ധ നേടിയിട്ടുണ്ട്. നെഹ്‌റു ധരിച്ചിരുന്ന തൊപ്പി ‘നെഹ്‌റു തൊപ്പി’ എന്ന പേരിലും അദ്ദേഹത്തിന്‍റെ ജാക്കറ്റ് ‘നെഹ്‌റു ജാക്കറ്റ്’ എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി.

1964 മെയ് 27 ന് മദ്ധ്യാഹ്നത്തോടെയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അന്തരിച്ചത്. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തില്‍ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ജവാഹര്‍ലാല്‍ നെഹ്റു സ്മരണയ്ക്ക് മുന്നില്‍ ആദരപുഷ്പങ്ങള്‍