ചർച്ച പരാജയം ; സമരവുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗാർത്ഥികൾ

Jaihind News Bureau
Saturday, February 13, 2021

 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിലെ സമരവുമായി മുന്നോട്ട് പോകുമെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ. സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ രാത്രി ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാൻ ഉദ്യോഗാർത്ഥികൾ തീരുമാനിക്കുകയായിരുന്നു.

സമരത്തെയും സമരനേതൃത്വത്തേയും തള്ളിപ്പറഞ്ഞ സർക്കാർ രാത്രി പതിനൊന്ന് മണിക്കാണ് ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായത്. തികച്ചും അപ്രതീക്ഷിതമായ ചർച്ച. സമാവായത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടര മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ഉദ്യോഗാർത്ഥികൾ തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയില്ലെന്ന് വ്യക്തമാക്കി. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

എന്നാൽ ഉദ്യോഗാർത്ഥികൾ  ഉന്നയിച്ച ചില കാര്യങ്ങൾ അപ്രായോഗികമായിരുന്നുവെന്നാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വത്തിൻ്റെ വിശദീകരണം. അതേസമയം സർക്കാർ മുന്നോട്ട് വച്ച നിബന്ധനകളിൽ ഉദ്യോഗാർത്ഥികൾ തീരുമാനമെടുത്താൽ മാത്രമേ രണ്ടാം ഘട്ട ചർച്ചയ്ക്ക് ഇനി വഴി ഒരുങ്ങുകയുള്ളു.