35 വര്‍ഷം ജോലി ചെയ്തിട്ടും ഒരു രൂപ ശമ്പളമില്ല; കോര്‍പറേഷന്‍ അവഗണനയില്‍ ഗതിമുട്ടി ശ്മശാനം നടത്തിപ്പുകാരന്‍

Jaihind Webdesk
Sunday, September 16, 2018

കോഴിക്കോട്: ശ്മശാനം നടത്തിപ്പുകാരന് കോർപറേഷൻ അധികൃതരുടെ കടുത്ത അവഗണന. തൊഴിലിൽ 35 വർഷം പിന്നിട്ടിട്ടും നടത്തിപ്പുകാരനായ അജിത്തിന് അധികൃതർ ഒരു രൂപ പോലും ശമ്പളം നൽകിയിട്ടില്ല.

മൃതദേഹസംസ്കരണം അജിത് കുമാറിന് സേവനം തന്നെയാണ്.
തലമുറകളായി ചെയ്തു വന്ന തൊഴിൽ. മൃതദേഹം എത്തിക്കുന്ന ബന്ധുക്കൾ നൽകുന്ന തുച്ഛമായ തുകയാണ് ഏക ആശ്രയം.

കോഴിക്കോട് കോർപ്പറേഷന്റെ ശ്മശാനമായിരുന്നിട്ടും നടത്തിപ്പുകാരന് അവഗണന മാത്രം. രാപ്പകൽ ഭേദമന്യേ മൃതദേഹവുമായെത്തുന്നവർക്ക് മുന്നിൽ കർമങ്ങൾ പൂർത്തിയാക്കും.

നിപ വൈറസ് കോഴിക്കോടിനെ ഭീതിപ്പെടുത്തിയ നാളുകളിൽ പ്രതിരോധത്തിനൊപ്പം നിന്നവരെ സർക്കാറും സംഘടനകളും വാനോളം പുകഴ്ത്തിയിട്ടുണ്ട്. എന്നാൽ മൃതദേഹം സംസ്കരിച്ച അജിത്തിനെ എല്ലാവരും ഒരുപോലെ അവഗണിച്ചു.

നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ സംസ്കരിച്ചതിന്റെ പേരിൽ സമൂഹം മുഴുവൻ ഒറ്റപ്പെടുത്തി പേടിയോടെ ജീവിക്കേണ്ടിവന്നപ്പോഴും പക്ഷേ മനസ് തളർന്നില്ല. എന്നാൽ 35 വർഷം സേവനം ചെയ്തിട്ടും ഒരു രൂപ പോലും കൂലിയായി തരാൻ തയാറാകാത്ത അധികൃതർക്കു മുന്നിൽ മനസ് ഇടറുകയാണ്. ചെറുതെങ്കിലും ശമ്പളത്തിനായി മുട്ടാത്ത വാതിലുകളില്ല. മേയർ മുതൽ മുഖ്യമന്ത്രി വരെയുള്ള വർക്ക് നിവേദനം നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.