കര്‍ഷക, ആദിവാസി, തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ യുദ്ധവെറി പ്രസംഗവുമായി നരേന്ദ്രമോദി

Monday, March 11, 2019

ന്യൂഡല്‍ഹി: സൈനികരുടെയും യുദ്ധത്തിന്റെയും അതിര്‍ത്തിയുടെയും പേരുപറഞ്ഞ് പ്രസംഗങ്ങളില്‍ ആളാകുന്ന നരേന്ദ്രമോദി രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ നിന്ന് തടിതപ്പുന്നു. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് വ്യോമാക്രണത്തിനും ശേഷം ബി.ജെ.പിയും മോദിയുടെയും ഉയര്‍ത്തുന്ന യുദ്ധവെറി പ്രചാരണങ്ങള്‍ കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ആദിവാസി-ദലിത് വിഭാഗങ്ങള്‍ തുടങ്ങിയവരുടെ പ്രക്ഷോഭങ്ങളില്‍ മുങ്ങിപ്പോവുന്നു. ദേശീയതയും ദേശീയ സുരക്ഷയും ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും നടത്തുന്ന പ്രചാരണങ്ങളൊന്നും ഗ്രാമീണ മേഖലകളില്‍ ജനം സ്വീകരിക്കുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. മോദി ഭരണം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച വിലക്കയറ്റം, കാര്‍ഷിക വിലത്തകര്‍ച്ച, ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ എന്നിവയുടെ ദുതിമനുഭവിക്കുന്ന ഗ്രാമീണ മേഖലകളിലെ ജനം മോദിയുടെ യുദ്ധവെറി പ്രസംഗങ്ങളോട് മുഖം തിരിക്കുകയാണ്.

തൊഴില്ലായ്മയും ദാരിദ്ര്യവും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതുമാണ് ഗ്രാമീണ മേഖലകളിലെ പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍, ഇതിനെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെ ദേശീയതയും ദേശ സുരക്ഷയും ഉയര്‍ത്തിക്കാട്ടിയാണ് മോദി റാലികളെ അഭിസംബോധന ചെയ്യുന്നത്. മോദി സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളായും നക്‌സലുകളായും മുദ്രകുത്തുന്നത് കാശ്മീര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന, വടക്കു കിഴക്കന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബിജെപിക്കു തിരിച്ചടിയാവും. മോദിയുടെയും അമിത്ഷായുടെയും സ്വദേശമായ ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ ലക്ഷക്കണക്കിന് കരാര്‍ ജീവനക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. വര്‍ഷങ്ങളോളമായി ദിവസക്കൂലിക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരായിരുന്നു പ്രതിഷേധക്കാര്‍. സ്‌കൂള്‍ അധ്യാപകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഫോറസ്റ്റ് ജീവനക്കാര്‍, പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
കുംഭ മേളയ്‌ക്കെത്തിയ മോദി ക്യാമറകള്‍ക്കു മുന്നില്‍ ശുചീകരണത്തൊഴിലാളികളുടെ കാലു കഴുകി വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടാന്‍ ശ്രമിച്ചപ്പോള്‍ അഹമ്മദാബാദില്‍ ശുചീകരണത്തൊഴിലാളികള്‍ ബന്ദ് ആചരിക്കുകയായിരുന്നു.

നഗരസഭ കരാരിന് നിയമിച്ചവരായിരുന്നു കുംഭ മേളയിലെ ശുചീകരണത്തൊഴിലാളികള്‍. ഇതിന്റ തൊട്ടുപിന്നായൊയിരുന്നു മോദിയുടെ മണ്ഡലമായ വരാണസിയില്‍ രണ്ടു ശുചീകരണത്തൊഴിലാളികള്‍ മാന്‍ഹോളില്‍ കുടുങ്ങി മരിച്ചത്. മോദിയുടെ സ്വന്തം മണ്ഡലത്തില്‍ രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ശുചീകരണത്തൊഴിലാളികള്‍ ഓടയില്‍ വീണ് മരിച്ചത്. ആദിവാസികളെ വനഭുമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരേ ഓഡീഷയിലെ നിയംഗിരിയിലെ ഡുന്‍ഗരിയ ഗോത്ര വിഭാഗം 11ന് തലസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരുടെ നേതാവ് ലിന്‍ഗരാജ് ആസാദിനെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി ഈ മാസം ആറിന് അറസ്റ്റ് ചെയ്തിരുന്നു. നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് തൊളിലാളികളും മോദിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തയിരിട്ടുണ്ട്. ദലിത്, ആദിവസി മേഖലകളില്‍ പശുവിന്റെ പേരില്‍ നടത്തിയ അക്രമങ്ങളും മറ്റ് പീഡന, വിവേചനനടപടികളും ബിജെപിയെ തിരിഞ്ഞുകൊത്തും.