പടം കൊള്ളാം… പാർട്ടിക്കാർ കാണാനില്ല… ‘നാൻ പെറ്റ  മകൻ’ 

B.S. Shiju
Thursday, June 27, 2019
ജൂൺ ഇരുപത്തി ഒന്നിന്  റീലീസ് ചെയ്ത അഭിമന്യുവിന്റെ ജീവിതം പറയുന്ന  സജി പാലമേൽ  ചിത്രം  ഒരുവാരം കടക്കുമ്പോഴും  തീയേറ്ററുകളിൽ   ഒട്ടുമിക്ക സീറ്റും കാലിയായി കിടക്കുന്നു. മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കേരളത്തിനു അത്രപെട്ടന്ന് മറക്കാൻ കഴിയില്ല. ‘വർഗീയത തുലയട്ടെ’ എന്ന ക്യാമ്പസ് ചുമരെഴുത്ത് നടത്തുന്നതിനിടെ വർഗീയ തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായി മാറിയ അഭിമന്യു മലയാള മനസാക്ഷിയുടെ ഒടുങ്ങാത്ത നൊമ്പരമാണ്.
വട്ടവട പോലൊരു ഉൾനാടൻ ഹൈറേഞ്ച് ഗ്രാമത്തിൽ നിന്നും എറണാകുളം മഹാരാജാസ് കോളേജിലെത്തിയ ആ മിടുക്കൻ പത്തൊൻപത് വയസിനിടെ തന്റെ പ്രതിഭയും വ്യക്തിത്വവും തെളിയിച്ച് രാഷ്ട്രീയ എതിരാളികളുടെ മതിപ്പ് പോലും പിടിച്ചുപറ്റിയിരുന്നു.  അതിനാൽ തന്നെയായിരുന്നു  വെറുമൊരു രാഷ്ട്രീയകൊലപാതകമെന്നതിലുപരിയായി പൊതുസമൂഹത്തെ പിടിച്ചുകുലുക്കിയത്. ആ ദാരുണാന്ത്യം സംഭവിച്ച് ഏകദേശം ഒരുകൊല്ലമാവാറായിരിക്കുന്ന അവസരത്തിൽ പുറത്തുവന്നിരിക്കുന്ന  ഈ അവസരത്തിൽ    ‘നാൻ പെറ്റ  മകനേ ‘ എന്ന സിനിമയിലൂടെ    സംവിധായകൻ സജി പാലമേൽ  നമ്മൾ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ അഭിമന്യുവിന്റെ ജീവിതത്തോട് തീർത്തും നീതി പുലർത്തും വിധമാണ് ‘നാൻ പെറ്റ മകൻ’ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. മിനോൺ ആണ് അഭിമന്യുവായി അഭിനയിക്കുന്നത്.
അഭിമന്യുവിന്റെ അച്ഛനും അമ്മയുമായി ശ്രീനിവാസനും സീമാ ജി നായരും അഭിനയിച്ചിരിക്കുന്നു. അഭിമന്യുവിന്റെ  ജീവിതം സൈമൺ ബ്രിട്ടോയുമായി കൂടി ബന്ധപ്പെട്ടതായതിനാൽ ആ ജീവിതവും സിനിമ പ്രേക്ഷകർക്ക് ഏറെ ആസ്വദിക്കാൻ സാധിക്കുന്നുണ്ട് . നെൽസൻ ക്രിസ്റ്റോ എന്ന കഥാപാത്രം ജോയ് മാത്യു ആണ് അവതരിപ്പിച്ചിരിക്കുന്നത്. അഭിമന്യുവിനോട്  സ്നേഹത്തോക്കൂടി ഇടപഴകുന്ന ഷൈമ എന്ന   നായികാ സമാന കഥാപാത്രവും  സിനിമയിൽ ഉണ്ട്. പുതുമുഖം രേവതി സുധീർ ആണ് ഷൈമയായി എത്തുന്നത് .
 കുഞ്ഞുണ്ണി എസ്സ് കുമാറിന്റെ   ക്യാമറ മികവ്  വട്ടവടയുടെ പ്രകൃതി  സൗന്ദര്യം ഒപ്പി എടുക്കുന്നതിൽ  പ്രധാന  പങ്ക്  വഹിച്ചിരിക്കുന്നു. കലാ, സാംസ്കാരിക, വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങൾ ഈ സിനിമ ഏറ്റെടുക്കും എന്ന് സിനിമ കണ്ട നേതാക്കളൊക്കെ തറപ്പിച്ച് പറയുമ്പോഴും എന്ത് കൊണ്ടാണ്  അങ്ങനെ സംഭവിക്കാത്തത്  എന്ന്    സഖാക്കളോട് ചോദിച്ച് കൊണ്ട്   സജി എസ് പാലമേൽ എഴുതിയ  കുറിപ്പ്  സാമൂഹിക  മാധ്യമങ്ങളിൽ   കഴിഞ്ഞ ദിവസം   ചർച്ചയായിരുന്നു. ചിലപ്പോൾ  പാർട്ടി പടമാണെന്ന് തെറ്റിദ്ധരിച്ചാവാം മറ്റുള്ളവർ കയറാത്തത് എന്നും  പക്ഷെ അഭിമന്യുവിനെയും അവൻ ഉയർത്തിയ മാനുഷിക മൂല്യത്തെയും സഖാക്കൾക്ക് എന്തിന്റെയെങ്കിലും പേരിൽ തിരസ്കരിക്കാനാവുമോ? എന്നും ചോദിച്ചു കൊണ്ടാണ്  കുറുപ്പ്  ആരംഭിക്കുന്നുത്.
കൂടാതെ  പാർട്ടിക്കെതിരെ അഭിപ്രായം പറയുന്ന ജോയ് മാത്യുവിനേയും, ശ്രീനിവാസനേയും അഭിനയിപ്പിച്ച സിനിമ കാണില്ലെന്നും, പൊളിച്ചുകളയുമെന്നുമൊക്കെയുള്ള തെറിവിളികൾ സൈബറിടങ്ങളിൽ ഒരുപാട് കേട്ടിരുന്നു ,  അങ്ങനെയെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും,ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്ക  ഇനിയെന്താണ് നമ്മൾ പറയുക? നമുക്ക് മുമ്പിൽ അത്ഭുതമായി വന്നു പോയ മനുഷ്യസ്നേഹിയായ ഒരുപത്തൊൻപതുകാരന്റെ ജീവിതം കാലത്തിനനിവാര്യമായ രാഷ്ട്രീയവുമായി ചേർത്ത് വച്ച് ഹൃദയം കൊണ്ട് ചെയ്ത സിനിമയാണിത് എന്നും  അദ്ദേഹം  കൂട്ടിചേർക്കുന്നു.
 
‘ നാൻ  പെറ്റ  മകനേ ‘ എന്ന  സിനിമയിലെ പാട്ടുകൾക്ക് വലിയ പ്രേക്ഷക സ്വീകാര്യ ലഭിച്ചിരുന്നു. ചിത്രത്തിലെ
‘ഓർമ്മകൾ വേണം ‘  ,  ‘കൈതോല ചുറ്റും കെട്ടി ‘ , ‘മുറിവേറ്റു വീഴുന്നു നീലകുറുഞ്ഞി’, തുടങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ വളരെ അർത്ഥവർത്തായ വരികൾ നിറഞ്ഞതാണ്.  റഫീക്ക് അഹമ്മദിന്റെയും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റേയും  മുരുകൻ കാട്ടാക്കടയുടെയും  വരികൾക്ക് ബിജിപാൽ ആണ്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌.
കലാലയ രാഷ്‌ടീയം ക്യാമ്പസുകളിൽ നിന്ന് ഒഴിവാക്കണം എന്ന വിഷയം  കോടതിയുടെയും സർക്കാരിന്റെയും പരിതിയിൽ ചർച്ചയ്ക്ക് ഇരിക്കുന്ന അവസരത്തിൽ ഈ വിഷയത്തെ ഗൗരവമായി അവതരിപ്പിക്കാനും തീവ്ര മത  വാദികൾ ചെറുപ്പക്കാരെ ലക്ഷ്യം വച്ച് നടത്തുന്ന സംഘടിത ലക്ഷ്യങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഗൂഢാലോചനയുംമെല്ലാം  കാട്ടിത്തരുവാനും സജി എസ് പാലമേൽ ശ്രദ്ധപുലർത്തി .