പ്രിയങ്ക ഗാന്ധിയുടെ മനംകവര്‍ന്ന് നമിത; സ്വയം വരച്ച ചിത്രം പ്രിയങ്കയ്ക്ക് സമ്മാനിച്ചു

Jaihind Webdesk
Saturday, April 20, 2019

പ്രിയങ്കയ്ക്ക് നൽകാമെന്ന പ്രതീക്ഷയിൽ സമ്മാനവുമായെത്തി ജനക്കൂട്ടത്തിനിടയിൽ നിന്ന കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി പ്രിയങ്ക ഗാന്ധി. മലപ്പുറം നിലമ്പൂരും അരീക്കോടും നടന്ന പ്രചാരണ പരിപാടിക്കിടെയാണ് പ്രിയങ്ക കുട്ടികളേയും പ്രവർത്തകരേയും കയ്യിലെടുത്തത്.

സ്വയം വരച്ച പ്രിയങ്ക ഗാന്ധിയുടെ ചിത്രവുമായാണ് പൂക്കോട്ടുംപാടത്തെ ഏഴാം ക്ലാസുകാരി നമിത മനോജ് എത്തിയത്. ചിത്രവുമേന്തി ജയ് വിളിക്കുന്ന ഏഴാം ക്ലാസുകാരിയോട് പ്രിയങ്ക വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം പ്രവർത്തകർ എടുത്തു പൊക്കി വേദിയിലെത്തിച്ചു. പ്രസംഗം നിർത്തി വച്ച് കുട്ടിയെ ആശ്ലേഷിച്ച് അഭിനന്ദനങ്ങൾ അറിയിച്ചാണ് മടക്കി അയച്ചത്. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്‍റും എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഉഷ നായരുടെ കൊച്ചുമകളാണ് നമിത.

പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വേഷമിട്ട് പരിപാടിക്കെത്തിയ പെരിന്തൽമണ്ണ മുള്ള്യാർകുറിശിയിൽ നിന്നുള്ള കുട്ടികളായ ആയിഷയേയും മിയാസയേയും വേദിയിലേക്ക് വിളിച്ചു വരുത്തി സമ്മാനങ്ങൾ നൽകാനും പ്രിയങ്ക ഗാന്ധി സമയം കണ്ടെത്തി. പ്രിയങ്കയുടെ സ്വയം വരച്ച ചിത്രങ്ങളുമായെത്തിയ കുട്ടികളെ അരീക്കോടും വേദിയിലേക്ക് വിളിച്ച് അഭിനന്ദിച്ചു.