വോട്ടര്‍ പട്ടികയില്‍ 40 ലക്ഷം പേരെ കാണാനില്ല; ഒഴിവാക്കപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളും ദളിതരും; ബിജെപിയുടെ ഗൂഢാലോചനയെന്ന് ജെഡിഎസ്

Jaihind Webdesk
Wednesday, March 27, 2019

മഹാരാഷ്ട്ര വോട്ടര്‍ പട്ടികയില്‍നിന്നും 40 ലക്ഷത്തോളം ആളുകളുടെ പേരുകള്‍ കാണാതായെന്ന ആരോപണവുമായി ജെഡിഎസ്.  വോട്ടര്‍ പട്ടികയില്‍ നിന്ന് കാണാതായവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ദളിതരുമാണെന്നും ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമാണെന്നും ആരോപിച്ചാണ് ജനതാ ദള്‍ (സെക്കുലര്‍) രംഗത്തെത്തിയത്. ആകെയുള്ള സമ്മതിദായകരില്‍ 4.6 ശതമാനം പേര്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നും ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറിയും  ബോംബൈ ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ബി.ജി ഖോല്‍സെ പാട്ടീല്‍ പറഞ്ഞു.

പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട 39,27,882 പേരുകളില്‍ 17 ലക്ഷം വോട്ടര്‍മാര്‍ ദളിതരാണ്. 10 ലക്ഷം പേര്‍ മുസ്ലീങ്ങളും. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്ന്  റിട്ട. ജസ്റ്റിസ് ബി ജി ഖോല്‍സെ പാട്ടീല്‍ പറഞ്ഞു.  തെറ്റ് തിരുത്താന്‍ സമയമുണ്ടെന്നും ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പാട്ടീല്‍ വാര്‍ത്താസമ്മേളനത്തിനിടെ കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിദ് സെയ്ഫുള്ള എന്ന ഐടി എഞ്ചിനീയറുടെ ‘മിസിങ് വോട്ടര്‍ ആപ്’ ആണ് കണ്ടെത്തല്‍ നടത്തിയത്.   മൂന്ന് കോടി മുസ്ലീങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 12.7 കോടി വോട്ടര്‍മാര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് കാണാതായെന്നും ഇവര്‍ക്ക് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായേക്കില്ലെന്നും ഖാലിദ് സെയ്ഫുള്ള ചൂണ്ടിക്കാണിക്കുന്നു. താന്‍ നിര്‍മ്മിച്ച മിസ്സിങ് വോട്ടേഴ്‌സ് ആപ്ലിക്കേഷനില്‍ എല്ലാ മണ്ഡലങ്ങളിലേയും ഓരോ തെരുവിലേയും വീടുകളിലെ വോട്ടര്‍മാരുടെ വിവരങ്ങളുണ്ടെന്ന് സെയ്ഫുള്ള അവകാശപ്പെടുന്നുണ്ട്.  വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പിഴവുകള്‍ തിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അത് ചെയ്തില്ലെങ്കില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അവരുടെ അവകാശം നഷ്ടപ്പെടുമെന്നും ഖാലിദ് സെയ്ഫുള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ ആശ്രയിച്ചാണ് മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്‍റെ പ്രവര്‍ത്തനം. റെയ്‌ലാബ്‌സ് ടെക്‌നോളജീസ് നിര്‍മ്മിച്ച ബാക്ക് എന്‍ഡിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷയും നല്‍കാനാവും.

‘എപ്പോഴെങ്കിലുമൊക്കെ സത്യം പറയൂ മോഡീ..’ എന്ന് പറഞ്ഞ് നേരത്തെ അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോകളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.