ഉദ്യോഗസ്ഥതല അന്വേഷണം അപര്യാപ്തം, വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം ; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind Webdesk
Saturday, June 12, 2021

തിരുവനന്തപുരം : വയനാട് വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉദ്യോഗസ്ഥതല അന്വേഷണം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടലുകള്‍ ഉണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ള വനംകൊള്ളയെക്കുറിച്ച് നീതിപൂര്‍വ്വവും നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം ഉണ്ടാകണം. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി തന്നെ സമയബന്ധിതമായി നടത്തുന്ന അന്വേഷണമാണ് ഇക്കാര്യത്തില്‍ പ്രസക്തവും ഉചിതവും. ഇത്തരത്തിലുള്ള അന്വേഷണത്തിന് മാത്രമേ വിശ്വാസ്യത ഉണ്ടാകൂവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
കേരളത്തെ ഞെട്ടിച്ച കൊടും വനംകൊള്ളയെക്കുറിച്ച് അന്വേഷിക്കുന്നതിന് ബഹു. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉദ്യോഗസ്ഥതല അന്വേഷണം അപര്യാപ്തമാണ്.
സത്യം പുറത്തുകൊണ്ടുവരാനോ ഈ വന്‍ കൊള്ളക്ക് പിന്നിലുള്ള ഗൂഢാലോചന, ചരടുവലികള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം കണ്ടെത്തുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനോ ഉദ്യോഗസ്ഥതല അന്വേഷണസംഘത്തിന് ധാരാളം പരിമിതികള്‍ ഉണ്ട് എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള അവിഹിതമായ ഇടപെടലുകള്‍ ഉണ്ടെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ള ഈ വനംകൊള്ളയെക്കുറിച്ച് നീതിപൂര്‍വ്വവും നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍ തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി തന്നെ സമയബന്ധിതമായി നടത്തുന്ന അന്വേഷണമാണ് ഇക്കാര്യത്തില്‍ പ്രസക്തവും ഉചിതവുമായിട്ടുള്ളത്. ഇത്തരത്തിലുള്ള അന്വേഷണത്തിന് മാത്രമേ വിശ്വാസ്യത ഉണ്ടാകൂ.
അതുകൊണ്ട് കേരളം കണ്ട എറ്റവും സംഘടിതവും ആസൂത്രിതവും വ്യാപകവുമായ ഈ വനംകൊള്ളയെക്കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അതീവ ഗുരുതരമായ ഈ പ്രശ്‌നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനായി ഹൈക്കോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്നും താല്പര്യപ്പെടുന്നു.

           സ്‌നേഹപൂര്‍വ്വം

            വി.എം.സുധീരന്‍
            ശ്രീ പിണറായി വിജയന്‍
            ബഹു. മുഖ്യമന്ത്രി