മരംമുറി : ശാലിനിയോട് വീണ്ടും സർക്കാരിന്‍റെ പ്രതികാരം ; സെക്രട്ടേറിയറ്റിൽ നിന്ന് മാറ്റി

Jaihind Webdesk
Tuesday, July 20, 2021

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയോട് വീണ്ടും സർക്കാരിന്‍റെ പ്രതികാര നടപടി. ഡെപ്യൂട്ടി സെക്രട്ടറി ഒ.ജി.ശാലിനിയെ സെക്രട്ടേറിയറ്റിൽ നിന്ന് മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ അസി.ഡയറക്ടർ തസ്തികയിലാണ് ഒരു വർഷത്തേക്കു നിയമനം.

മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശം വഴി മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഗുഡ് സർവീസ് എൻട്രിയും റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

മരം മുറി വിവാദമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്.

സെക്രട്ടേറിയറ്റിലെ ആക്‌ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറുമായ അഡീഷനൽ സെക്രട്ടറി ബെൻസിയെയും റവന്യു വകുപ്പിൽനിന്ന് കടാശ്വാസ കമ്മിഷനിലേക്കു മാറ്റി. റവന്യു വകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്കു മാറ്റി.