മുട്ടില്‍ മരംമുറി: ആരോപണവിധേയന് സ്ഥാനക്കയറ്റം, നിർണായ കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Jaihind Webdesk
Saturday, April 2, 2022

മുട്ടിൽ മരം മുറി കേസിൽ നിർണായക കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയും ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയും വനംവകുപ്പ്. എൻ.ടി സാജനെ ഉന്നത സ്ഥാനത്ത് നിയമിക്കാന്‍ വേണ്ടിയുള്ള സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റമെന്നതും ശ്രദ്ധേയമാണ്.

കേസില്‍ നിർണായക കണ്ടെത്തലുകള്‍ നടത്തിയ സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ വിനോദ് കുമാറിനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്. ദക്ഷിണമേഖലാ ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ആർ കീർത്തി എന്നിവര്‍ക്കും സ്ഥലംമാറ്റമുണ്ട്. അതേസമയം ആരോപണവിധേയനായ എൻ.ടി സാജന് ദക്ഷിണമേഖലാ സിസിഎഫിന്‍റെ ചുമതലയാണ് നല്‍കിയത്.

മുട്ടിൽ മരം മുറിയോടനുബന്ധിച്ച് എൻ.ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാറാണ്. നിലവിലെ മാറ്റത്തോടെ സോഷ്യൽ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാർ എന്‍.ടി സാജന് കീഴിലാവും.