മുന്നൊരുക്കങ്ങളില്ല, കൂടെ സാങ്കേതിക പ്രശ്നങ്ങളും… സർക്കാരിന്‍റെ മസ്റ്ററിംഗ് പരിഷ്‌കാരങ്ങള്‍ ജനങ്ങളെ വലയ്ക്കുന്നു; സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവർ നെട്ടോട്ടത്തിൽ

Jaihind News Bureau
Friday, November 22, 2019

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവർ നെട്ടോട്ടത്തിൽ.  വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ സർക്കാർ നടപ്പാക്കുന്ന മസ്റ്ററിംഗ് പരിഷ്‌കാരമാണ് നിരവധി നിരാലംബരെ വലയ്ക്കുന്നത്.

സാമൂഹിക സുരക്ഷാ-ക്ഷേമനിധി പെൻഷനുകൾ അനർഹർ വാങ്ങുന്നത് തടയുകയാണ് മസ്റ്ററിംഗിന്‍റെ ലക്ഷ്യമായി സർക്കാർ പറയുന്നത്. ഇതിനായി പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് വിവരങ്ങൾ നൽകണം. ഡിസംബർ 15 വരെയാണ് സർക്കാർ നൽകിയിരിക്കുന്ന സമയം. എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളും പെൻഷൻ ഗുണഭോക്താക്കളെ വട്ടം കറക്കുകയാണ്.

അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർ മണിക്കൂറുകൾ കാത്തിരുന്ന് നിരാശരായി മടങ്ങുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഏറെ വലയുന്നത്. പലരും സ്വന്തം നിലയിൽ മസ്റ്ററിംഗ് ക്യാംപുകൾ ആരംഭിച്ചാണ് ജനങ്ങളുടെ പരാതിക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നത്.

അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ അത് തടയേണ്ടത് തന്നെ. പക്ഷേ അതിനായി ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാനുള്ള ഈ പെടാപ്പാട് എന്തിനെന്നാണ് ഇവരുടെ ചോദ്യം.