കാസര്‍ഗോഡ് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ. കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാനായി പോകുമ്പോഴാണ് കിച്ചു കൃപേഷിനെയും, സുഹൃത്ത് ജോഷി എന്ന ശരത്ത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 7.45 മണിയോടെയാണ് സംഭവം. ഒരാളെ ബൈക്കിനോട് ചേര്‍ത്തുവെച്ച നിലയിലും മറ്റൊരാളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച നിലയിലുമാണ് കണ്ടെത്തിയത്. ജീപ്പിലാണ് അക്രമികളെത്തിയതെന്നാണ് വിവരം.
ഇവര്‍ക്കു നേരെ സി പി എം പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇതിനു പിന്നാലെയാണ് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുമ്പോള്‍ ഇരുവരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സ്ഥലത്തെ ഒരു സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്. അതുകൊണ്ടുതന്നെ സാക്ഷികളായി മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പിന്നീട് ഇതുവഴി വന്നവരാണ് യുവാക്കളെ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേയാണ് കൃപേഷ് മരണപ്പെട്ടത്. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ശരത്തും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ പെരിയയിലെ ഒരു ബാങ്ക് ജീവനക്കാരനില്‍ നിന്നും എ എസ് പി. ഡി. ശില്‍പ മൊഴിയെടുത്ത ശേഷം ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേസ് അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റ് ഡി വൈ എസ് പി പ്രദീപിനാണ് ഏല്‍പിച്ചിരിക്കുന്നത്.
അതേസമയം കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് സി പി എം നടത്തിയതെന്നും ആസൂത്രിതമായാണ് രണ്ട് യുവാക്കളെ നിഷ്ഠൂരം കൊലപ്പെടുത്തിയതെന്നും ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കൊലപാതക വിവരമറിഞ്ഞ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. കൊലയാളി സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കാസര്‍ഗോട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ അറിയിച്ചു. രാഷ്ടീയ പ്രേരിതമാണോ എന്ന തടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മാത്രമെ പറയാന്‍ പറ്റൂ എന്നാണ് പോലീസിന്റെ നിലപാട്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികച്ചതായും എസ് പി അറിയിച്ചു