സുഹൈലിനെതിരായ വധശ്രമം: സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Wednesday, April 22, 2020

 

ആലപ്പുഴ ഭരണിക്കാവില്‍ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന് നേരെ ഉണ്ടായ വധശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ  പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാമൂഹിക അകലം പാലിച്ച് ധര്‍ണ നടത്തി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനുമുന്നില്‍ സംസ്‌ഥാന വൈസ് പ്രസിഡന്‍റു മാരായ കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ, എന്‍.എസ്.നുസൂര്‍, എസ്.എം.ബാലു, ജില്ലാ പ്രസിഡന്‍റ് സുധീര്‍ഷാ പാലോട് എന്നിവരുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി.

കമ്മ്യൂണിറ്റി കിച്ചണ്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നതിലുള്ള പകയാണ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍. ഭരണിക്കാവിലെ ക്ഷേമനിധി തട്ടിപ്പിന്‍റെ വാര്‍ത്ത നേരത്തെ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സി പി എം പ്രാദേശിക നേതാക്കളുടെ ഭീഷണി യൂത്ത് കോൺഗ്രസ് നേതാക്കളായ ഇക്ബാലിനും സുഹൈലിനും നേരെ ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ മങ്ങാരം ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി ഉയര്‍ന്നതിന്‍റെ തെളിവുകളും പുറത്തുവന്നു.

ലോക്ഡൗണ്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ഭക്ഷണ വിതരണത്തിന് ശേഷം ബൈക്കിൽ സഞ്ചരിക്കവേയാണ് ഇന്നലെ രാത്രി 10.30ഓടെ കൂടി കറ്റാനം മങ്ങാരത്ത് സി പി എം പ്രാദേശിക നേതാക്കൾ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന്‍റെ കഴുത്തിന് വെട്ടിപരിക്കേൽപ്പിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇക്ബാല്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു .

ഇക്ബാലിനെ ലക്ഷ്യം വെച്ചാണ് അക്രമി സംഘം എത്തിയത്. എന്നാൽ ഇയാൾ ഒഴിഞ്ഞു മാറിയപ്പോള്‍ സുഹൈലിന് വെട്ടേല്‍ക്കുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ സുഹൈലിനെ കായംകുളത്ത് ആശുപത്രിയിൽ കൊണ്ടുപോയങ്കിലും പിന്നീട് വണ്ടാനത്തേക്കും അവിടെ നിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി. വള്ളിക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി.