കോടിയേരിയുടെ മകനെതിരായ ലൈംഗികാരോപണം: മുംബൈ പോലീസ് യുവതിയുടെ മൊഴിയെടുക്കും

Jaihind Webdesk
Tuesday, June 25, 2019

Binoy-Kodiyeri001

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പരാതിക്കാരിയായ യുവതിയിൽ നിന്ന് അന്വേഷണ സംഘം രഹസ്യമൊഴി എടുക്കും. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം കൊടുന്ന അഭിഭാഷകൻ ശ്രീജിത്തിനെയും ചോദ്യം ചെയ്‌തേക്കും. അതേസമയം ബിനോയ് കോടിയേരി വിദേശത്തേക്ക് കടന്നതായാണ് സൂചന.

ബിനോയ്‌ കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബിഹാർ സ്വദേശിയായ യുവതിയുടെ പരാതി. ബിനോയിയുമായുളള ബന്ധത്തിൽ എട്ട് വയസ് ഉള്ള കുട്ടി ഉണ്ടെന്നും യുവതി മുംബൈ ഓഷിവാര പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഫോൺ രേഖകൾ ഉൾപ്പെടെയുളള തെളിവുകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരിയായ യുവതിയിൽ നിന്നും രഹസ്യ മൊഴി എടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിനായി അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും.

കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്ന ഘട്ടത്തിൽ കൂടിയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ മുംബൈ പോലീസ് തയാറെടുക്കുന്നത്. ഒത്തുതീർപ്പ് ശ്രമങ്ങളുടെ ഭാഗമായി യുവതി മൊഴി മാറ്റുന്ന സാഹചര്യം ഉണ്ടായാലും മജിസ്‌ട്രേറ്റിന് മുന്നിൽ നൽകുന്ന രഹസ്യമൊഴി തെളിവായി നിലനിൽക്കും. ബിനോയ് കോടിയേരി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ബിനോയ് വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. ബിനോയിയെ ചോദ്യം ചെയ്യുന്നതിനായി മുംബൈ പോലീസ് കേരളത്തിലെത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങേണ്ടി വന്നിരുന്നു. യുവതിയുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ അഭിഭാഷകനായ ശ്രീജിത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

ബിനീഷിനെതിരായ പരാതി ഒത്തു തീർപ്പാക്കാൻ കോടിയേരി ബാലകൃഷ്ണന്‍റെ  ഭാര്യ വിനോദിനി മുംബൈയിൽ എത്തി യുവതിയുമായി സംസാരിച്ചിരുന്നെന്നും കോടിയേരിക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും അഭിഭാഷകൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ തീരുമാനം വരുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുളള നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയും ബിനോയ് കീഴടങ്ങാതിരിക്കുകയും ചെയ്താൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് മുബൈ പോലീസിന്‍റെ തീരുമാനം.