ഷിന്‍ഡേയെ പരിഹസിച്ച കൊമേഡിയനെതിരേ രോഷം; മഹാരാഷ്ട്രയില്‍ ശിവസേനാ പ്രവര്‍ത്തരുടെ ഗുണ്ടായിസം.

Jaihind News Bureau
Monday, March 24, 2025

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പാരഡിപ്പാട്ടില്‍ പരാമര്‍ശിച്ചതിനെതിരേ മഹാരാഷ്ട്രയില്‍ ശിവസേനാ പ്രവര്‍ത്തരുടെ ഗുണ്ടായിസം. സ്റ്റാന്‍ഡപ് കൊമീഡിയന്‍ കുനാല്‍ കമ്ര കോമഡി പരിപാടിയില്‍ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’യെന്ന് വിളിച്ചതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കമ്രയ്ക്കെതിരെ ഭീഷണിയുമായി മുതിര്‍ന്ന ശിവസേന നേതാക്കള്‍ രംഗത്തെത്തി. കമ്രയുടെ സ്റ്റാന്‍ഡ്പ് അപ്പ് കോമഡി ചിത്രീകരിച്ച മുംബൈയിലെ ഹോട്ടലിന്റെ ഓഫിസ് ശിവസേനാ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.. ഹാബിറ്റാറ്റ് സ്റ്റുഡിയോ തല്‍ക്കാലത്തയേ്ക്ക് അടച്ചു

കഴിഞ്ഞ മാസം നടന്ന നയാ ഭാരത് എന്ന ഷോയില്‍, 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ ദില്‍ തോ പാഗല്‍ ഹേ എന്ന സിനിമയിലെ ‘ഭോലി സി സൂറത്ത്’ എന്ന ജനപ്രിയ ഗാനത്തിന്റെ പാരഡി പതിപ്പിലൂടെ കുനാല്‍ കമ്ര മിസ്റ്റര്‍ ഷിന്‍ഡെയെ സൂചിപ്പിച്ചത് അതിരു കടന്നെന്നാണ് ആരോപണം. 2022-ല്‍ ഉദ്ധവ് താക്കറെ നയിച്ച ശിവസനേനയ്ക്കെതിരെ കലാപം നയിച്ച നേതാവിനെതിരെ ‘ഗദ്ദാര്‍’ (രാജ്യദ്രോഹി) എന്നാണ് പരിഹസിച്ചത്.. ഷിന്‍ഡെയുടെ പേര് പറയുന്നില്ലെങ്കിലും ഷിന്‍ഡെയുടെ രൂപം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ബന്ധം തുടങ്ങിയവയെയും കുനാല്‍ പരിഹസിച്ചിരുന്നു. ഷിന്‍ഡേ ഉദ്ധവ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെ പിളര്‍ത്തുകയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ താഴെയിറക്കുകയും ചെയ്തിരുന്നു . ഇത്തരം പരാമര്‍ശങ്ങള്‍ അതിരു കടന്നെന്നാരോപിച്ച് മന്ത്രി പ്രതാപ് സര്‍നായിക്ക് ഉള്‍പ്പടെയുള്ളവര്‍ പരാതി നല്‍കി. ഷിന്‍ഡെയുടെ പ്രശസ്തിയും പ്രതിച്ഛായയും സല്‍പ്പേരും കളങ്കപ്പെടുത്താന്‍ ആസൂത്രിത പ്രചാരണം നടത്തിയെന്ന് മറ്റു ശിവസേനാ നേതാക്കളും പരാതി നല്‍കി. ഇതു ഉള്‍പ്പടെ കുനാല്‍ കമ്രയ്ക്ക് എതിരേ ഒട്ടേറെ എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ കമ്രയുടെ കോലം കത്തിച്ചു. കുനാല്‍ കമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. ‘ഇത്തരത്തിലുള്ള തരംതാണ കോമഡിയും ഉപമുഖ്യമന്ത്രിയെ അപമാനിക്കുന്നതും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.കുനാലിന് രാജ്യം വിടേണ്ടി വരുമെന്നും, ശിവസേന പ്രവര്‍ത്തകര്‍ പിന്നാലെയുണ്ടെന്നും മുതിര്‍ന്ന ശിവസേന നേതാക്കള്‍ ഭീഷണി മുഴക്കി..

അതിനിടെ കുനാലിന്റെ പരിപാടി നടന്ന മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ പ്രതിഷേധങ്ങളെ തുടര്‍ന്ന് താത്കാലികമായി അടച്ച് പൂട്ടി. സ്റ്റുഡിയോ പുതിയ നിര്‍മ്മാണം നടത്തിയത് അനുമതി ഇല്ല്ാതെയാണെന്ന് ആരോപിച്ച് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ജീവനക്കാര്‍ ഇന്ന് ഖാറിലെ സ്റ്റുഡിയോ ഇടിച്ചു നിരത്തി. സ്റ്റുഡിയോ രണ്ട് ഹോട്ടലുകള്‍ക്കിടയിലുള്ള ഒരു കൈയേറ്റ പ്രദേശത്താണെന്ന് ബിഎംസി ആരോപിച്ചു. കുനാല്‍ കമ്രയുടെ പുതിയ വീഡിയോയുടെ നിര്‍മ്മാണത്തില്‍ പങ്കില്ലെന്നും ‘അതില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അംഗീകരിക്കുന്നില്ലെന്നും’ ഹാബിറ്റാറ്റ് സ്റ്റുഡിയോ പോസ്റ്റ് ചെയ്തു. അതില്‍ ഖേദിക്കുന്നതായും അവര്‍ വ്യക്തമാക്കി