അമൃത് പദ്ധതി : ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തൊക്കെയോ ഒളിച്ചുവയ്ക്കാനുള്ളതുകൊണ്ടെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Monday, July 15, 2019

Mullappally-Amruth-Project

അമൃത് പദ്ധതിയിൽ എന്തൊകെയോ ഒളിച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, പദ്ധതിക്ക് കരാർ നൽകിയിട്ടുള്ളത് കടലാസ് കമ്പനിക്കാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അമൃത് പദ്ധതി അഴിമതിക്കെതിരെ കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച കോർപറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2375 കോടിയുടെ കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതിക്ക് സമഗ്ര രേഖ തയ്യാറാക്കി സംസ്ഥാനത്ത് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. എന്നാൽ യുഡിഎഫ് നിയോഗിച്ച ഏജൻസിയെ മാറ്റി, കടലാസ് കമ്പനിയായ റാം ബയോളജിക്കൽസിനെ ഇടത് സർക്കാർ കരാർ ഏൽപ്പിച്ചുചുവെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോഴിക്കോട് കോർപറേഷൻ കണ്ട ഏറ്റവും വലിയ അഴിമതിയാണ് അമൃത് പദ്ധതിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പണത്തിന് പിന്നാലെ പോകുന്ന നേതാക്കളാണ് സിപിഎമ്മിനുള്ളതെന്നും, സിപിഎം ഭരിക്കുന്ന എല്ലാ ത്രിതല പഞ്ചായത്തുകൾ അഴിമതിയുടെ കൂത്തരങ്ങുകളാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

50 വർഷമായി സി പി എം ഭരിക്കുന്ന കോഴിക്കോട് കോർപറേഷന്‍റെ വളർച്ച കീഴോട്ടാണ്. കോർപറേഷൻ ഭരണം കോൺഗ്രസ് തിരിച്ച് പിടിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ മികച്ച വിജയം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആവർത്തിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. അമൃത് പദ്ധതിയിലെ അഴിമതിക്കെതിരായ സമരം തുടരുമെന്ന് മാർച്ചിന് നേതൃത്വം നൽകിയ ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രമണ്യൻ, പി എം സുരേഷ് ബാബു, എ.പി.അനിൽകുമാർ കൂടാതെ, പി എം നിയാസ്, കെ.സി. അബു എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.