പിടിപ്പുകേടിന്റെ മകുടോദാഹരണമായി മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകൾ ഉൾപ്പെടെ മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വൈദ്യുത മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റാൻ പദ്ധതികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടം വൈദ്യുതി ഭവന്- കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ ദ്വിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്.
നാടിനെ പ്രളയത്തിൽ മുക്കിക്കൊന്ന സർക്കാരാണ് ഇതെന്നും പ്രളയാനന്തര പുനർനിർമ്മാണത്തിനായി സർക്കാർ നടത്തിയ പണപ്പിരിവിൽ സുതാര്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര പിരിച്ചെന്നോ എങ്ങനെ ചിലവഴിച്ചുവെന്നോ കണക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
അസംബന്ധം മാത്രം പറയുന്ന വൈദ്യുതി മന്ത്രിയുടെ ഭരണത്തില്‍ വൈദ്യുതി വകുപ്പിൽ സാമ്പത്തിക അരാജകത്വം കൊടികുത്തി വാഴുന്നു. വൈദ്യുതി ചാർജ് വർധന ജനങ്ങൾക്ക് മേലുള്ള അധികഭാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.