ഇടക്കാല വിധിയിലൂടെ മുഖ്യമന്ത്രിയുടെ പ്രതിരോധങ്ങള്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി: മുല്ലപ്പള്ളി

Jaihind News Bureau
Friday, April 24, 2020

Mullappally-Ramachandran-24

സ്പ്രിങ്ക്ളര്‍ കരാറില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും ഹൈക്കോടതി വിധിയില്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കുന്നതിനുവേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങളോടെയും വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കികൊണ്ടും ഹൈക്കോടതി ഇത്തരമൊരു ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ഡേറ്റാ കച്ചവടത്തിന് തുനിഞ്ഞ സര്‍ക്കാരിന് കിട്ടിയ വന്‍തിരിച്ചടിയാണിത്. സര്‍ക്കാര്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഉപാധികളോടെ നല്‍കിയ അനുമതി സര്‍ക്കാരിന് ആശാവഹമല്ല. സ്പ്രിങ്കളറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഹൈക്കോടതി വലിയ ആശങ്കരേഖപ്പെടുത്തി. കേരളീയ പൊതുസമൂഹത്തിന്‍റെ ഇതേ ആശങ്കയും ഭയവുമാണ് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയത്.

എന്തുകൊണ്ട് കേന്ദ്ര ഏജന്‍സിയുടെ സേവനം ഉപയോഗിച്ചില്ല? സ്പ്രിങ്ക്ളറെ എന്തു കൊണ്ട് തെരഞ്ഞെടുത്തു? വ്യക്തികളുടെ ഡേറ്റാ സുരക്ഷിതത്വത്തിന് എന്തു നടപടിയാണെടുത്തത്? എന്നു തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങളാണ് വാദത്തിനിടയില്‍ കോടതി ചോദിച്ചത്.ഇതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. സമാനചോദ്യങ്ങളാണ് കോണ്‍ഗ്രസും മുഖ്യമന്ത്രിയോട് ചോദിച്ചത്. എന്നാല്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്നെല്ലാം തുടക്കം മുതല്‍ മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ കള്ളക്കച്ചവടം സംരക്ഷിക്കുന്നതിനായി നികുതിദായകന്‍റെ പണം ചെലവാക്കി മുംബൈയില്‍ നിന്നുള്ള സൈബര്‍ വിദഗ്ധയായ അഭിഭാഷകയെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയത്.

ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തുന്ന വിധിയാണിത്. പൗരന്‍മാര്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഇത് വളരെ സഹായകരമാകും. പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൊള്ളയടിച്ച് ലാഭം നേടാമെന്ന സ്പ്രിങ്ക്ളറിന്‍റെ അതിമോഹമാണ് ഇതോടെ പൊലിഞ്ഞത്. ഇതുസംബന്ധിച്ച വിശദമായ സി.ബി.ഐ അന്വേഷണം ആവശ്യമാണമെന്നും മുല്ലപ്പള്ളി പറഞ്ഞു.