പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് ക്രൂരം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, May 15, 2020

പ്രവാസികളെയും മറുനാടന്‍ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നമ്മുടെ നാടിന്‍റെ പുരോഗതിക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികള്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പിറന്നമണ്ണിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നതിന് പകരം അവരെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള ഒരു പൗരന്‍റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിബന്ധനകള്‍ക്ക് വിധേയമായി സൂക്ഷമമായ ആരോഗ്യപരിശോധനകള്‍ക്ക് പ്രവാസികളെയും മറുനാടന്‍ മലയാളികളേയും ക്വാറന്‍റൈനിയിലേക്ക് അയക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവരെ സാമൂഹികമായി ബഹിഷ്‌ക്കരിക്കണമെന്ന തരത്തില്‍ പലഭാഗത്ത് നിന്നും പ്രസ്താവനകള്‍ ഉണ്ടാകുന്നത് തികച്ചും വേദനാജനകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അന്യദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. നാലര ലക്ഷം പ്രവാസികള്‍ക്കായി ക്വാറന്‍റൈന്‍ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മേനി പറയുന്നതില്‍ കാര്യമില്ല.

ക്വാറന്‍റൈനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകായണ്. ശരിയായ യാത്രാരേഖകളുമായി അതിര്‍ത്തിലെത്തിയ മറുനാടന്‍ മലയാളികളെ അധികൃതര്‍ പ്രയാസപ്പെടുത്തുന്നുവെന്ന സംഭവുമായി ബന്ധപ്പെട്ടാണ് ജനപ്രതിനിധികള്‍ വാളയാര്‍ അതിര്‍ത്തിയിലേക്ക് പോയത്. സുരക്ഷാ നടപടികള്‍ പൂര്‍ണ്ണമായി പാലിച്ചാണ് അവര്‍ അവിടെ സന്ദര്‍ശനം നടത്തിയത്. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ അപകാത ഒന്നുമില്ല. ഇതെല്ലാവര്‍ക്കും ബാധകമാണെന്ന് ഇരിക്കെ ഭരണകക്ഷി മന്ത്രിമാര്‍ക്കും അതുബാധകമാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് വിവേചനത്തോടുകൂടി കോണ്‍ഗ്രസ് എം.പിമാരെയും മറ്റുനേതാക്കളെയും പരസ്യമായി അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍, സുനില്‍കുമാര്‍ തുടങ്ങി നിരവധി ഭരണകക്ഷിയില്‍പ്പെട്ട ജനപ്രതിനിധികള്‍ പരസ്യമായി സര്‍ക്കാര്‍ നിബന്ധനകള്‍ തുടരെ ലംഘിക്കുകയാണ്. കൊവിഡ് കാലത്തും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളുടേയും മറുനാടന്‍ മലയാളികുടെയും വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയുടെ പ്രതികരണം ഈ സഹോദരങ്ങളോടുള്ള സര്‍ക്കാരിന്‍റെ നിഷേധ സമീപനം എടുത്തുകാട്ടുന്നതാണ്. ഇവരെ മരണത്തിന്‍റെ വ്യാപാരികളാക്കി മുദ്രകുത്താന്‍ പോലും ഭരണകക്ഷിയില്‍പ്പെട്ട ആളുകള്‍ നടത്തുന്ന നീക്കം അത്യന്തം നിര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.