കപ്പല്‍മാര്‍ഗമോ വിമാനത്തിലോ പ്രവാസികളെ നാട്ടിലെത്തിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, April 11, 2020

ലോക്ക് ഡൗണ്‍ നീട്ടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്രവാസികളായ മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

രോഗ്യവ്യാപനത്തിന്‍റെ ഭീതിയില്‍ കഴിയുന്ന മിക്ക പ്രവാസികള്‍ക്കും മികിച്ച ചികിത്സ ലഭ്യമല്ല. ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് അവര്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ പരിശോധനകളും, ആവശ്യമായ വൈദ്യ സഹായവും, മരുന്നുകളും ഉറപ്പു വരുത്താനെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തയ്യാറാവണം

ഗള്‍ഫ് നാടുകളിലെ സര്‍ക്കാരുകള്‍ ഇന്ത്യക്കാരെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരികെ അയക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രവാസികളില്‍ ഏറിയ പങ്കും നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരാണ്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നില്ല. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എത്രയും വേഗം പ്രത്യേക വിമാനത്തിലോ കപ്പല്‍മാര്‍ഗമോ പ്രവാസി മലയാളികളെ കേരളത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം.

നാട്ടിലെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ,സാംസ്‌കാരിക,സാമൂഹിക സംഘടനകളും പ്രതിജ്ഞാബദ്ധമാണ്. സ്‌കൂളുകളും ഹോട്ടലുകളും മറ്റു താമസയോഗ്യമായ എല്ലാ സ്ഥലങ്ങളും വിട്ടുനല്‍കുന്നതിന് കേരളത്തിലെ ഒട്ടുമിക്ക സുമനസുകളായ മനുഷ്യസ്‌നേഹികളും സന്നദ്ധത അറിയിച്ചു കഴിഞ്ഞു. രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ തങ്ങളുടെ പൗരന്‍മാരെ സ്വന്തം നാടുകളിലേക്ക് മടക്കികൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കാന്‍ തയ്യാറായി. ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കേരളത്തില്‍ നിന്നും അവരുടെ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടുപ്പോയിട്ടുണ്ട്. അതേ മാതൃക പിന്തുടര്‍ന്ന് നമ്മുടെ പൗരന്‍മാരെ തിരികെ എത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും വൈകിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.