ആരേയും അധിക്ഷേപിച്ചിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, June 20, 2020

 

തിരുവനന്തപുരം:  താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍  മുല്ലപ്പള്ളി രാമചന്ദ്രൻ.  ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെയുള്ള   പരാമര്‍ശത്തില്‍ തന്‍റെ  പ്രസ്താവന വളച്ചൊടിച്ചതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

നിപ പ്രതിരോധത്തിൽ ഇല്ലാത്ത ക്രെഡിറ്റ് ആരോഗ്യമന്ത്രി എടുക്കേണ്ട എന്നാണ് താൻ പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  നിപ പ്രതിരോധ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് നഴ്സുമാരും ഡോക്ടർമാരുമാണ്. അവർക്കാണ് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ളത്. എംപിയെന്ന നിലയിൽ വടകര മണ്ഡലവുമായി ബന്ധപ്പെട്ട തന്റെ പ്രവർത്തനത്തിൽ സിപിഎമ്മുകാർക്ക് പോലും പരാതിയില്ല.

നിപ രോഗം പിടിപ്പിട്ടപ്പോൾ തന്നെ താൻ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനും യോഗത്തിൽ പങ്കെടുത്തിരുന്നു. തന്നെ കുറിച്ച് ലിനിയുടെ ഭർത്താവ് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭർത്താവ് സജീഷിനെ പ്രാദേശിക നേതാവിന്റെ ഫോണിൽനിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവർത്തകൻ താനാണെന്ന് അന്ന് സജീഷ് പറഞ്ഞിരുന്നു. ഇപ്പോൾ മാറ്റിപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ലിനിക്ക് മരണാനന്തര ബഹുമതി നൽകണമെന്ന താനും കെ സി വേണുഗോപാലും കത്തെഴുതിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്. ആരെയും അധിക്ഷേപിക്കുന്ന സ്വഭാവക്കാരനല്ല. മോശം പദങ്ങൾ പലപ്പോഴും ഉപയോഗിച്ച് സംസാരിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.