ദളിത്-സ്ത്രീ പീഡനം; കേന്ദ്ര,സംസ്ഥാന സർക്കാരുകള്‍ ഒരേ തൂവല്‍ പക്ഷികളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, November 5, 2020

 

തിരുവനന്തപുരം: ദളിത്, സ്ത്രീ പീഡനങ്ങളില്‍ മോദി-പിണറായി സര്‍ക്കാര്‍ ഒരേ തൂവല്‍ പക്ഷിളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണ്ണ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ ഭരണമുഖത്തേക്കുള്ള അവരുടെ യാത്ര ആരംഭിച്ചത് തലശേരിയിലെ കുട്ടിമാക്കൂലില്‍ പാവപ്പെട്ട ദലിത് കുടുംബത്തിലെ സഹോദരിമാരായ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ചും അധിക്ഷേപിച്ചും കൊണ്ടാണ്. ഇടതുസര്‍ക്കാരിന്റെ ദളിത് പീഡന പരമ്പരകളുടെ ഔപചാരികമായ തുടക്കമായിരുന്നു കുട്ടിമാക്കൂലിലെ സഹോദരിമാര്‍ക്ക് എതിരായി സിപിഎമ്മുകാര്‍ നടത്തിത്. എന്നെ പീഡിപ്പിച്ചു എന്ന് വിലപിച്ച ഒരു പെണ്‍കുട്ടി അവസാനം പ്രതിയായി കൈകുഞ്ഞുമായി ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരള ജനതക്ക് കാണേണ്ടി വന്നത്. പിന്നീട് കേരളത്തില്‍ ദളിത് പീഡനങ്ങളുടെ പരമ്പരയാണ് അരങ്ങേറിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പട്ടികജാതി,പട്ടിക വര്‍ഗ വിഭാഗങ്ങള്‍ നിരന്തരമായി ചൂഷണത്തിന് വിധേയരാകുന്നു.അവരുടെ ദൈന്യതയ്ക്ക് അവസാനം കാണേണ്ടിയിരിക്കുന്നു. നീതിനിഷേധിക്കപ്പെട്ട വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണം. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പോലെ ദുരന്തകഥ ഏറ്റുപറയേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടാകരുത്. ആ കുടുംബത്തിന് എല്ലാ സഹായവും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ജിഷ്ണുപ്രണോയിയുടെ ആത്മഹത്യക്കുറിച്ച് അന്വേഷിക്കാനോ ആ കുടുംബത്തിന് നീതി ഉറപ്പാക്കാനും ഈ സര്‍ക്കാരിന് സാധിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഫ്യൂഡല്‍ പ്രഭുക്കാന്‍മാരാണ് അഴിഞ്ഞാടുകയാണ്. സ്ത്രീകള്‍ക്കും ദളിതര്‍ക്കും ഒരു സുരക്ഷയുമില്ല.യുപിയിലെ ഹത്രാസ് സംഭവം രാജ്യത്തെ നടുക്കിയ ഒന്നാണ്. യുപിയില്‍ തുടരെ ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ പോലും ദളിതരും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി ഇതുതന്നെയാണ്.ദളിത് വേട്ടയില്‍ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്, കെപിസിസി സെക്രട്ടറിമാരായ സുധാ കുര്യന്‍, രമണി പി നായര്‍,ജില്ലാ പ്രസിഡന്റ് ആര്‍.ലക്ഷമി,ഡോ.ആരിഫ സൈനുദ്ധീന്‍,ഡോ.സുശീല,നദീറാ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.