തിരുവനന്തപുരം : വസ്തു വില്പനയും വാഹനവിപണിയും തകര്‍ന്ന് കിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടികള്‍ സ്വീകരിച്ച ധനമന്ത്രി വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കേരളം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കിഫ്ബി, അതിവേഗ റെയില്‍, ജലപാത തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്നം വില്‍ക്കുകയാണ് ചെയ്യുന്നത്. അതിവേഗ റെയിലിന്റെ സര്‍വെ നടത്താന്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി കിട്ടിയതിനെയാണ് പദ്ധതിക്ക് അനുമതി കിട്ടിയെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. അതേസമയം കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളം ഇല്ല എന്നതാണ് വാസ്തവം. 50,000 കോടിയുടെ അടങ്കല്‍ പ്രതീക്ഷിക്കുന്ന അതിവേഗ റെയിലിന് എവിടെ നിന്ന് പണം കിട്ടുമെന്നത് വ്യക്തമല്ല. കിഫ്ബിയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 5,000 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് നാല് വര്‍ഷം കൊണ്ട് നടപ്പായത്. കിഫ്ബിക്ക് ഇതുവരെ സ്വരൂപിച്ച മൂലധനം എത്രയാണെന്ന് ധനമന്ത്രി വെളിപ്പെടുത്തണം. ജലപാത ഉടനെ തുറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെന്നും മുല്ലപ്പള്ളി പറഞ്ഞു.
നെഗറ്റീവ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ കാര്‍ഷിക മേഖലയ്ക്കും 57.5 ലക്ഷം തൊഴില്‍രഹിതര്‍ക്കും പ്രളയബാധിതര്‍ക്കും ആശ്വാസം ലഭിക്കുന്ന ഒരു നടപടിയും സ്വീകരിച്ചില്ല. നികുതി സമാഹരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിന്റെ പഴി മറ്റുള്ളവരില്‍ ചാരാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ 55 ശതമാനം ജി.എസ്.ടിക്ക് പുറത്താണ്. നികുതി സമാഹരിക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാരാണിത്. ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതല്ലാതെ ഒരു നടപടിയും ബജറ്റിലില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്കും ധൂര്‍ത്തിനും ഒരു നിയന്ത്രണവുമില്ല. സി.പി.എമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ധനമന്ത്രി ചെലവ് ചുരുക്കലിനെക്കുറിച്ച് മറക്കുന്നു. തോറ്റ എം.പിയേയും മറ്റ് പലരെയും ക്യാബിനറ്റ് പദവിയും മറ്റും നല്കി കുടിയിരുത്തുമ്പോള്‍ ധനമന്ത്രി ബജറ്റ് പ്രസംഗം ഓര്‍ക്കില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.