തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് ഹൗസ് കമ്മീഷണറുമായി ഡിജിപി ഒന്നര മണിക്കൂര്‍ കൊച്ചിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസിന്‍റെ അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്. കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്. ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിജെപിയെ സ്വാധീനിക്കാന്‍ ഉത്തരമലബാറിലെ ജ്യോതിഷി
സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്.ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായി വിവരമുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ബിജെപിക്കുമുണ്ട്. ബിജെപി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കുറ്റകരമായ അനാസ്ഥകാട്ടുന്നത് അതിന് തെളിവാണ്. ഈ കാലവിളംബത്തിന് ഏജന്‍സികള്‍ മറുപടി പറയണം. ആരോപണ വിധേയര്‍ക്ക് തെളിവുകള്‍ ഓരോന്നായി നശിപ്പിക്കാനുള്ള സാവകാശം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും നല്‍കിയ രഹസ്യമൊഴിയില്‍ മന്ത്രിസഭയിലെ പ്രമുഖരുടെയും സിപിഎം നേതാക്കളും അവരുടെ കുടുബാംഗങ്ങളുടെയും പേരും വെളുപ്പെടുത്തിയതായാണ് വിവരം.മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമമായ പിണറായിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ എകെജി സെന്ററാക്കിമാറ്റി അവിടെ ഇരുന്നാണ് മുഖ്യമന്ത്രി രഹസ്യ നീക്കങ്ങളും കൂടിക്കാഴ്ചയും നടത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുസംബന്ധമായി എല്ലാ വിവരം ലഭ്യമായിട്ടും അവര്‍ മൗനം ഭജിക്കുകയാണ്.ഇത് എന്തിന് വേണ്ടിയാണെന്നും അത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കണ്ടെത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി രഹസ്യമായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നിന് പിന്നില്‍ വന്‍ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.