ഉപ തെരഞ്ഞെടുപ്പുകളിൽ ഒരു വിഭാഗം ബിജെപി -സിപിഎം നേതാക്കളുടെ രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Saturday, October 26, 2019

സംസ്ഥാനത്ത് നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ബി ജെ പിയിലെ ഒരു വിഭാഗവുമായി സി പി എം നേതാക്കൾ രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് കെ പിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള എൻ ജി ഒ അസോസിയേഷൻ നാൽപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ട് കച്ചവടം നടന്നില്ലെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വ നിലപാടുള്ള കുമ്മനം രാജശേഖരന്‍ നേടിയ വോട്ടില്‍ 22,000ത്തില്‍ പരം വോട്ട് ബിജെപിക്ക് കുറഞ്ഞത് വോട്ട് മറിച്ചതിന് വ്യക്തമായ തെളിവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഉപ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം സമുദായ സംഘടനകളുമായി ബന്ധമുള്ളവരെയുമാണ്. കോന്നിയിലും വട്ടിയൂര്‍ കാവിലും യുഡിഎഫിന് പരാജയം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ശക്തി കേന്ദ്രമായ കഴിഞ്ഞ അമ്പത് വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ ഇതേ വരെ മറ്റൊരു പാര്‍ട്ടിക്കും വിജയിക്കാന്‍ സാധിക്കാത്ത ചുവന്ന കോട്ടയില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയ വിജയമാണ് ചരിത്രവിജയമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന് നിലകൊള്ളുന്ന പാര്‍ട്ടിയാണ് തങ്ങളെന്ന് പറയുന്ന സി പിഎം സാമുദായിക പരിഗണന വെച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും
മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

രാജ്യത്തെജനങ്ങളുടെ കോണ്‍ഗ്രസില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നതിന് തെളിവാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന്‍റെ മുന്നേറ്റം വ്യക്തമാക്കുന്നത്. സ്വാഗത സംഘം ചെയര്‍മാൻ സതീശന്‍ പാച്ചേനി അധ്യക്ഷനായ ചടങ്ങിൽ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍, ഐ എന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ എ മാത്യു ഉൾപ്പടെയുള്ള എൻജിഒ അസോസിയേഷൻ ഭാരവാഹികളും സംസാരിച്ചു.