സിപിഎം – ബിജെപി അന്തർദ്ധാര തുടരുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, February 20, 2022

സിപിഎം – ബിജെപി അന്തർധാര ഒരു അസാധാരണ സംഭവമേയല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്പള പഞ്ചായത്തിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനങ്ങൾ സിപിഎം സഹായത്തോടെ ബിജെപി കരസ്ഥമാക്കിയതിനെ തുടർന്നു, ബിജെപി പ്രവർത്തകർ കാസർഗോഡ് ജില്ലാ ബിജെപി ഓഫീസ് താഴിട്ടുപൂട്ടി പ്രതിഷേധിച്ചിരിക്കുന്നു, ഇത് ഒരു അസാധാരണ സംഭവമേയല്ല. സംസ്ഥാന വ്യാപകമായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ധാരണയുണ്ടാരിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി കൂത്തുപറമ്പിൽ നിന്ന് 1977ൽ മത്സരിച്ചപ്പോൾ ജനസംഘിന്‍റെ  പിന്തുണയിൽ നേരിയ വോട്ടിന് വിജയിച്ച കാര്യവും കേരളത്തിനറിയാം. കോൺഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭൂമികയി ലൂടെയാണ് ഇരു പാർട്ടികളും സഞ്ചരിക്കുന്നത്. വ്യക്തമായ വിവരങ്ങളുടെ പിൻ ബലത്തിലായിരുന്നു ഞാൻ സിപിഎം – ബിജെപി അന്തർദ്ധാരയുടെ പിന്നാമ്പുറങ്ങൾ പലവട്ടം പറയാനിടയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം :
സിപിഎം- ബിജെപിഅന്തർദ്ധാര തുടരുന്നു ….

കുമ്പള പഞ്ചായത്തിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനങ്ങൾ സി.പി.എം. സഹായത്തോടെ ബി. ജെ.പി. കരസ്ഥമാക്കിയതിനെ തുടർന്നു, ബി.ജെ.പി.പ്രവർത്തകർ കാസർഗോഡ് ജില്ലാ ബി. ജെ.പി.ഓഫീസ് താഴിട്ടുപൂട്ടി പ്രതിഷേധിച്ചിരിക്കുന്നു.

ഇത് അസാധാരണമായ ഒരു സംഭവമേയല്ല. സംസ്ഥാന വ്യാപകമായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം. ഉം ബി.ജെ.പി.യും ധാരണയിലേർപ്പെട്ട കാര്യം വസ്തുതകളും കണക്കുകളും വെച്ച്, കെ.പി.സി.സി. അദ്ധ്വക്ഷൻ എന്ന നിലയിൽ അന്ന് തന്നെ ഞാൻ ചൂണ്ടി കാണിക്കുകയുണ്ടായി.
ഇതു യാദൃശ്ചികമെല്ലന്നും മുഖ്യ മന്ത്രിയും ബി.ജെ.പി. നേതൃത്വവും തമ്മിൽ കോൺഗ്രസ്സ് വിമുക്ത കേരളം ലക്ഷമാക്കി നടത്തിയ രഹസ്യ ധാരണയായിരുന്നുവെന്നും ഞാൻ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ധാരണ തുടരാനാണ് തീരുമാനമെന്നും ഞാൻ കൂട്ടിച്ചേർക്കുകയുണ്ടായി.
നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഞ്ചേശ്വരത്ത് മത്സരിച്ച സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രനെ നിയമ സഭയിലെത്തിച്ച് അക്കൗണ്ട് തുറക്കാൻ ധാരണയുറപ്പിച്ചെന്ന എന്റെ പ്രസ്താവനയെ ബി.ജെ.പി.യോ സി.പി.എം. ഓ ശക്തമായി എതിർക്കാൻ രംഗത്തു് വന്നില്ല. ബോധപൂർവം അത് കേട്ടില്ലെന്ന് ധരിക്കുകയായിരുന്നു ഇരുവരും . എന്നാൽ കോൺഗ്രസ്സിലെ ഉത്തരവാദപ്പെട്ട പലരും അതിശക്തമായ പരസ്യ പ്രസ്താവനയിലൂടെ എന്നെ അധിക്ഷേപിക്കുകയായിരുന്നു. അവസാനം വോട്ടെണ്ണിയപ്പോൾ സി.പി.എം. സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടു കുറയുന്ന കാഴ്ചയാണ് കേരളം കണ്ടത്.
വ്യക്തമായ വിവരങ്ങളുടെ പിൻ ബലത്തിലായിരുന്നു ഞാൻ സി.പി.എം. – ബി.ജെ.പി. അന്തർദ്ധാരയുടെ പിന്നാമ്പുറങ്ങൾ പലവട്ടം പറയാനിടയായത്.

സി.പി.എം. നോ ബി.ജെ.പി. യ്ക്കോ രാഷ്ട്രീയ അസ്പൃശ്യതയില്ലെന്ന് ദേശീയ പ്രസ്ഥാന കാലം മുതൽ കമ്മ്യുണിസ്റ്റ് പാർട്ടികളും ഹിന്ദു തീവ്രവാദ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തിൽ ഞാൻ പല ഘട്ടങ്ങളിലും എടുത്തു പറഞ്ഞിട്ടുണ്ട്. പിണറായി കൂത്തുപറമ്പിൽ നിന്ന് 1977ൽ മത്സരിച്ചപ്പോൾ ജനസംഘിന്റെ പിൻ തുണയിൽ നേരിയ വോട്ടിന് വിജയിച്ച കാര്യവും കേരളത്തിനറിയാം.

ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. തീവ്ര ഹിന്ദുത്വ ശക്തികൾക്കും സി.പി.എം. നും പൊതു ശത്രു കോൺഗ്രസ്സ് തന്നെയാണ്. കോൺഗ്രസ്സ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭൂമികയി ലൂടെയാണ് ഇരു പാർട്ടികളും സഞ്ചരിക്കുന്നതു്.
കോൺഗ്രസ്സ് നിതാന്ത ജാഗ്രത പുലർത്തിയേപറ്റു.

– മുല്ലപ്പള്ളി രാമചന്ദ്രൻ

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMullappallyR%2Fposts%2F2114145348747846&show_text=true&width=500