ടെലികോം മേഖല സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ജിയോയ്ക്ക് മാത്രം എവിടെനിന്നാണ് ഇത്ര പണം ? കേന്ദ്രത്തിനെതിരെ ഒളിയമ്പെയ്ത് എയർടെല്‍ സി.ഇ.ഒ

Jaihind News Bureau
Friday, December 13, 2019

ജിയോ ഒഴികെ ടെലികോം രംഗത്തെ മറ്റെല്ലാവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി എയർടെല്‍ സി.ഇ.ഒ സുനില്‍ മിത്തല്‍. ജിയോയുടെ പേരെടുത്ത് പറയാതെയായിരുന്നു എയർടെല്‍ തലവന്‍റെ പരാമർശം. പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അതിഭീകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ ടെലികോം മേഖല കടന്നു പോവുന്നത്. സർക്കാർ ഉടൻ എന്തെങ്കിലും ചെയ്യാന്‍ തയാറാകണം. എല്ലാവരുടേയും അതിജീവനത്തിന്‍റെ പ്രശ്നമാണിത്. എയർടെൽ, വോഡഫോൺ (ഐഡിയ) എന്നിവ നഷ്ടത്തിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എൽ നഷ്ടത്തിലാണ്. എന്താണ് ഇനി ചെയ്യേണ്ടത്. എന്നാൽ ഞങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല, പക്ഷെ സ്ഥിതി അതീവ ഗുരുതരമാണ്’ – ജിയോയുടെ പേരെടുത്ത് പറയാതെ മിത്തല്‍ പറഞ്ഞു.

ഉപയോക്താവിന്മേലുള്ള ശരാശരി വരുമാനം കുറയുന്നത് (ആവറേജ് റിട്ടേണ്‍ പെര്‍ യൂസർ – ARPU ) ടെലികോം മേഖലയെ ഇതിനോടകം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓപ്പറേറ്റർമാരുടെ ക്രമീകരിച്ച മൊത്ത വരുമാനം (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ – AGR) സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ടെലികോം മേഖലയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇതോടെ നഷ്ടക്കണക്കിനൊപ്പം രണ്ട് ലക്ഷം കോടിയുടെ അധികനഷ്ടവും ഉണ്ടായിരിക്കുകയാണെന്ന് മിത്തല്‍ പറയുന്നു.

സുപ്രീംകോടതി എ.ജി.ആർ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്രം അനുഭാവപൂർവമായ ആശ്വസ നടപടികൾ കൈക്കൊണ്ടാല്‍ മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽക്കാൻ സാധിക്കൂവെന്നും മിത്തൽ ചൂണ്ടിക്കാട്ടി. ടെലികോം മേഖലയിൽ അടിസ്ഥാന നിരക്ക് സർക്കാർ ഉടൻ പ്രഖ്യാപിക്കണം. നികുതികൾ കുറച്ചും മറ്റു സഹായങ്ങൾ അനുവദിച്ചും ഈ മേഖലയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റണമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റുമായുള്ള യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സുനില്‍ മിത്തല്‍.

ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ തകർച്ചയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്‍റെ ഒത്താശയോടെ ജിയോയെ രംഗപ്രവേശം ചെയ്യിപ്പിച്ചതാണെന്ന പരോക്ഷ വിമർശനമാണ് എയർടെല്‍ സി.ഇ.ഒ ഉന്നയിച്ചത്. ബി.എസ്.എന്‍.എല്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.