പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം; ഹൈക്കോടതി വിധി ഇന്ന് ഉച്ചയ്ക്ക് 1.45 ന്

Jaihind Webdesk
Thursday, November 17, 2022

 

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള നീക്കം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ പ്രിയാ വർഗീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.

പ്രിയാ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയത് യുജിസി ചട്ടം ലംഘിച്ചാണെന്നും പട്ടികകയിൽ നിന്ന് പ്രിയാ വർഗീസിനെ നീക്കണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയാണ് പ്രിയയുടെ നിയമനത്തിനെ ചോദ്യം ചെയ്ത് ഹർജി നല്‍കിയത്. എൻഎസ്എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസിയും കോടതിയെ അറിയിച്ചു. അതേസമയം പ്രിയാ വർഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നുമാണ് സർവകലാശാല നിലപാട്.