അമ്മ മനസ്സിന്‍റെ കരുതല്‍; മകനെ വീട്ടിലെത്തിക്കാന്‍ അമ്മ രാപ്പകലില്ലാതെ വണ്ടിയോടിച്ചത് 3 ദിവസം, 1400 കിലോമീറ്റർ

Jaihind News Bureau
Friday, April 10, 2020

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലുങ്കാന സ്വദേശിയായ 48കാരി റസിയ ബീഗമാണ് ഒറ്റപ്പെട്ടുപോയ മകന്‍ നിസാമുദ്ദീനെ മടക്കിക്കൊണ്ടുവരാന്‍ ആന്ധ്ര പ്രദേശിലേക്ക് വണ്ടിയോടിച്ചത്.

മാര്‍ച്ചില്‍ സുഹൃത്തിനൊപ്പം ആന്ധ്രാപ്രദേശിലെ നെല്ലൂരിലേയ്ക്ക് പോയതായിരുന്നു ഇളയ മകന്‍ നിസാമുദ്ദീന്‍. കുറച്ച് ദിവസം തങ്ങി മടങ്ങാനായിരുന്നു പരിപാടിയെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ പെട്ടുപോയി. കുടുംബത്തിൽനിന്ന് അകലെ പരിചയമില്ലാത്തെ നാട്ടില് ഒറ്റപ്പെട്ടതോടെ തിരികെ എത്താന്‍ കഴിയാത്തതിലുള്ള മകന്‍റെ വിഷമവും ആഗ്രഹംവും മനസ്സിലാക്കിയതോടെയാണ് മകനെ തിരികെ കൊണ്ടുവരാൻ റസിയ തീരുമാനിച്ചത്.

നിസാമാബാദിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച റസിയയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇളയ മകനാണ് മറുനാട്ടില്‍ കുടുങ്ങിപ്പോയത്. എന്നാല്‍ കൂട്ടിക്കൊണ്ടുവരാന്‍ മൂത്തയാളെ വിടാന്‍ അമ്മയ്ക്ക് ഭയമായിരുന്നു. വിനോദസഞ്ചാരത്തിനിറങ്ങിയെന്ന് തെറ്റിദ്ധരിച്ച് പോലീസ് കസ്റ്റഡിയിലെടുത്താലോ എന്നായിരുന്നു ആശങ്ക. അങ്ങിനെയാണ് മകനെ തിരികെ എത്തിക്കാന്‍ അമ്മ തന്നെ പോകാം എന്ന് തീരുമാനിച്ചത്.

അമ്മയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ പ്രതിബന്ധങ്ങളെല്ലാം വഴി മാറുകയായിരുന്നു. പോലീസിന്‍റെ അനുമതി വാങ്ങിയ റസിയ യാത്ര തിരിച്ചു. ആദ്യം കാറിന് പോകാനാണ് നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് സ്‌കൂട്ടറില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു യാത്രയെന്നും അവര്‍ പറഞ്ഞു. രാത്രിയുള്ള യാത്രയായിരുന്നു വലിയ വെല്ലുവിളിയെന്നും ബീഗം പറഞ്ഞു. വഴിയില്‍ കഴിക്കാനായി റൊട്ടി കരുതിയിരുന്നു. പെട്രോള്‍ പമ്പുകളില്‍ അല്‍പസമയം മാത്രം നിർത്തി, വെള്ളവും കുടിച്ച് ക്ഷീണമകറ്റിയായിരുന്നു റസിയയുടെ യാത്ര.

ഏപ്രിൽ 6 ന് രാവിലെ അവർ യാത്ര ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് നെല്ലൂരിലെത്തി. മകനെയും കൂട്ടി അന്ന് തന്നെ മടങ്ങിയ അവർ ബുധനാഴ്ച വൈകുന്നേരം സ്വദേശമായ ബോധനിൽ എത്തിയെന്ന് റസിയ പറഞ്ഞു.

ഇന്റർമീഡിയറ്റ് പൂർത്തിയാക്കി എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് കോച്ചിംഗ് ക്ലാസിന് പോകുകയാണ് നിസാമുദ്ദീൻ. മൂത്ത മകന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു.