തൊടുപുഴയിൽ ഏഴു വയസ്സുകാരന്‍റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

തൊടുപുഴയിൽ ഏഴു വയസ്സുകാരന്‍റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്യുവാൻ ശിശുക്ഷേമസമിതിയുടെ നിർദ്ദേശം. ബാലനീതി നിയമം 75-ാം വകുപ്പ് പ്രകാരം കേസെടുക്കുവാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സിപിഎം പ്രാദേശിക വനിതാ നേതാവിന്റെ മകളായ പ്രതിയെ സംരക്ഷിക്കുവാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ശിശുക്ഷേമസമിതിയുടെ നിർദ്ദേശം.

അമ്മയുടെ കാമുകൻ ഏഴുവയസ്സുകാരനെ കൺമുന്നിലിട്ട് പലതവണ ക്രൂരമായി മർദ്ദിച്ചിട്ടും അക്കാര്യം ബന്ധപ്പെട്ട അധികാരികളെയോ പോലീസിനെയോ അറിയിക്കാത്തതിനാണ് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുവാൻ നിർദ്ദേശം നൽകിയത്. കേസിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായി ഒരു മാസം പിന്നിട്ടിട്ടും കുറ്റകൃത്യത്തിൽ പങ്കാളിയായ അമ്മയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

രണ്ടു കുട്ടികളെയും പ്രതി ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന ഇളയ കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ കേസും എടുത്തിട്ടുണ്ട്. കുട്ടികളുടെ പിതാവിന്‍റെ ദുരൂഹ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവിന്‍റെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യമായി നടക്കുന്നില്ല എന്നാണ് പറയുന്നത്. സിപിഎം വനിതാ നേതാവിന്‍റെ മകളായ കുട്ടികളുടെ അമ്മയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു തുടക്കം മുതൽ പോലീസിന്റെയും മറ്റ് അധികൃതരുടെയും ഭാഗത്തു നിന്നും ഉണ്ടായത്. യുവതിയെ മാപ്പുസാക്ഷിയാക്കി അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കാനുള്ള ശ്രമമായിരുന്നു പോലീസിന്‍റേത്. കുട്ടികളുടെ അമ്മയോടൊപ്പം കുമാരമംഗലത്തെ വാടക വീട്ടിൽ താമസിക്കുന്നതിടയിൽ പലതവണ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ക്രൂര മർദ്ദനത്തിനിരയായ ദിവസം ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല എന്നും വ്യക്തമായിട്ടും യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുവാൻ പോലീസ് തയ്യാറായിരുന്നില്ല. ഇളയ കുട്ടിയുടെ മൊഴിയുടെയും തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ശിശുക്ഷേമസമിതികളുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുണ്ടായിട്ടുള്ള നടപടി. സംഭവം നടന്ന ഉടനെ ഇളയ കുട്ടിയുടെ സംരക്ഷണം പിതാവിന്‍റെ അച്ചനും അമ്മയും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. ഇന്നലെയാണ് ഒരു മാസത്തേക്ക് ഇളയ കുട്ടിയെ അവർക്ക് വിട്ടുനൽകിയത്. പോലീസിന്‍റെയും അധികൃതരുടെയും ഒത്തുകളിക്കെതിരെ പ്രത്യക്ഷ സമരവുമായി നാട്ടുകാർ രംഗത്തിറങ്ങിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്. യുവതിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

Comments (0)
Add Comment