ശബരിമല : അക്രമ സംഭവങ്ങളിൽ കുടുതൽ അറസ്റ്റിന് സാധ്യത

Jaihind Webdesk
Friday, October 26, 2018

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങളിൽ കുടുതൽ അറസ്റ്റിന് സാധ്യത. സംഘർഷവുമായി ബന്ധപ്പെട്ട് 440 കേസുകളിലായി 1410 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2000 ത്തിലേറെ പേർക്ക് എതിരായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും പിടികൂടാത്തവർക്കെതിരെ തിരച്ചിൽ ശക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് സൈബർ കുറ്റങ്ങളിലും അറസ്റ്റ് നടന്നു.

മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയതിനും തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രാഹമിനും പോലീസിനും എതിരെ അക്രമത്തിന് ആഹ്വാനം നൽകിയവർക്കും എതിരെ കേസ് എടുത്തു. കോഴിക്കോട് കസബ, നടക്കാവ് പോലീസ് സ്‌റ്റേഷനുകളിലായി രണ്ടു പേർക്ക് എതിരായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂട്ട അറസ്റ്റിൽ സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട ജില്ലയിലാണ് എറ്റവും കൂടുതൽ അറസ്റ്റ്. ജില്ലയിൽ അറസ്റ്റിലായ 153 പേരിൽ 79 പേരെ റിമാൻഡ് ചെയ്തു. കുടുതൽ പേരെ അറസ്റ്റ് ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികൾക്കായി റെയിൽവേ സ്‌റ്റേഷനുകളിൽ ലുക്ക് ഔട്ട് നോട്ടീസും പതിപ്പിക്കും. അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് പത്തനംതിട്ടയിൽ പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തും.

https://www.youtube.com/watch?v=nUbOAXXbUZc