മരട് ഫ്ലാറ്റ് കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും

മരട് ഫ്ലാറ്റ് കേസ് ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും. മൂന്ന് പ്രതികളുടെയും കസ്റ്റഡി അപേക്ഷ ക്രൈബ്രാഞ്ച് ഇന്ന് സമർപ്പിച്ചേക്കും. കേസിലെ മൂന്നാം പ്രതി ജോസഫിന്‍റെ ജാമ്യാപേക്ഷയും പരിഗണിച്ചേക്കും.

മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഫ്ലാറ്റ് നിർമാതാവ് സാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, പി ഇ ജോസഫ് എന്നിവരെ കോടതി മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരമാണ് മൂവരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

തീരദേശ പരിപാലന നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും രണ്ടും മൂന്നും പ്രതികളായ മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റിന് അനുമതി നല്‍കുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലാറ്റ് നിർമാതാവുമായി രണ്ടും മൂന്നും പ്രതികൾ ഗൂഢാലോചന നടത്തി, ഒത്താശ ചെയ്തു, നിലം എന്ന് രേഖകളിലുള്ള സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ വിലപ്പെട്ട പഞ്ചായത്ത് രേഖകൾ പ്രതികൾ നശിപ്പിച്ചതായും രണ്ടും മൂന്നും പ്രതികൾ കൃത്യനിർവഹണത്തിൽ ബോധപൂർവ്വം ഗുരുതര വീഴ്ച വരുത്തിയെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

Comments (0)
Add Comment