നഡോജ കയ്യാർ കിന്നണ്ണറൈയുടെ സ്മാരകം നാശത്തിന്‍റെ വക്കിൽ

Jaihind News Bureau
Tuesday, September 17, 2019

കന്നഡ മഹാകവി നഡോജ കയ്യാർ കിന്നണ്ണറൈയുടെ സ്മാരകം നാശത്തിന്‍റെ വക്കിൽ. കാസർഗോഡ് ബദിയടുക്കയിൽ പാഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വായനശാലയ്ക്ക് ബഹുഭാഷാ കവിയോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്‍റെ പേര് നൽകിയത്. കാടുമൂടാൻ തുടങ്ങിയതോടെ ഗ്രന്ഥശാല വായനക്കാരെ അകറ്റുകയാണ്.

ബദിയഡുക്ക വാണിനഗറിലെ കവിതാ കുടീരയെന്ന വീട്ടിൽ ജൻമനാടിനെ നെഞ്ചോട് ചേർത്തയാളാണ് സ്വാതന്ത്ര്യ സമര സേനാനിയും കന്നഡ, തുളു സാഹിത്യകാരനും പത്രപ്രവർത്തകനുമായ കയ്യാർ കിന്നണ്ണറൈ. വായനയെ അളവറ്റ് സ്നേഹിച്ച കവിയുടെ സ്മരണ നിലനിർത്താനായിട്ടാണ് ഗ്രന്ഥാലയത്തിന് അദ്ദേഹത്തിന്‍റെ പേരിട്ടത്. പക്ഷേ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ പോലും തിരിഞ്ഞുനോക്കാതെ വന്നതോടെ ഗ്രന്ഥാലയം നാശത്തിന്‍റെ വക്കിലാണ്. പരിസരമാകെ കാടുമൂടിയതോടെ ഇവിടെ നിന്നും വായനക്കാർ അകന്നു.  പത്രപ്രസിദ്ധീകരണങ്ങളെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ്.

മുൻകാലത്ത് ലൈബ്രറിയൻ അടക്കം ഉണ്ടായിരുന്നു. വിദ്യാർഥികളടക്കം ഇവിടെയെത്തി പുസ്തകങ്ങൾ വാങ്ങും, പക്ഷെ ലൈബ്രറിയുടെ ഇന്നത്തെ കാഴ്ചകൾ വായനയെ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും മനം മടുപ്പിക്കും, ബദിയടുക്ക വിഷൻ 2020 എന്ന പദ്ധതിയിൽ നിർമ്മിച്ച ലൈബ്രറി കെട്ടിടമാണ് നാശത്തിന്‍റെ വക്കിലുള്ളത്.ആയിരങ്ങൾ വിലവരുന്ന പുസ്തകങ്ങളെയും നാട്ടുകാരനായ മഹാകവിയെയും ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നാണ് ഭാഷാസ്നേഹികൾ പറയുന്നത്.

https://youtu.be/6U0_MyFEglQ