അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ കാസർഗോഡ് ബി.ജ.പിയില്‍ കലഹം ; ഇടഞ്ഞ് രവീശതന്ത്രി കുന്ദാർ, പൊതുപ്രവര്‍ത്തനം നിർത്തുമെന്ന് പ്രഖ്യാപനം

Jaihind News Bureau
Sunday, February 23, 2020

 

കാസര്‍ഗോഡ് : ജില്ലാ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ കാസര്‍ഗോഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കെ ശ്രീകാന്തിനെ ജില്ലാ അധ്യക്ഷനായി വീണ്ടും നിയമിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുന്ദാർ രംഗത്തെത്തി. പ്രതിഷേധസൂചകമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കുന്ദാർ അറിയിച്ചു.

കെ ശ്രീകാന്തിനെ വീണ്ടും ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുത്തതാണ് പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. കെ ശ്രീകാന്തിനൊപ്പം ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടയാളാണ് രവീശതന്ത്രി കുന്ദാര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും രവീശതന്ത്രി കുന്ദാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ പരാജയ കാരണം സംബന്ധിച്ച് വിശദമായ കത്ത് സംസ്ഥാന നേതൃത്വത്തിന് നല്‍കിയെങ്കിലും ഇതിൽ യായൊരു തിരുത്തൽ നടപടിയും ഉണ്ടായില്ലെന്നും കുന്ദാർ കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദിത്തം നിലവിലെ നേതൃത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലൊഴികെ അധ്യക്ഷന്മാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തര്‍ക്കം കാരണമാണ് നാല് ജില്ലകളിലും പുനസംഘടന വൈകിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ കെ സുരേന്ദ്രന്‍ നേരിട്ട് ഇടപെട്ടാണ് ഇന്ന് കാസര്‍ഗോഡും, കണ്ണൂരും പുതിയ ജില്ലാ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് രവീശതന്ത്രി പ്രതിഷേധം അറിയിച്ചത്. ജില്ലയിലെ ബി.ജെ.പിയില്‍ ഗ്രൂപ്പിസം വേരോടിയിരിക്കുകയാണെന്നും ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തവർക്ക് നിലനില്‍പില്ലാത്ത അവസ്ഥയാണെന്നും കുന്ദാർ ആരോപിച്ചു. സംഘടനാ പ്രവർത്തനത്തിന് ഇനി ഇല്ലെന്നും കുന്ദാർ പറഞ്ഞു.