മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ ഹര്‍ജിയില്‍ എസ്.എഫ്.ഐ.ഒയ്ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എന്നാല്‍ സ്റ്റേ നല്‍കാതെയുള്ള നടപടിയാണ് കോടതി എടുത്തിരിക്കുന്നത്. ബുധനാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും. പ്രധാന ഹര്‍ജിയിലും അന്തിമവാദം ബുധനാഴ്ച നടക്കും.
മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു സി.എം.ആര്‍.എല്ലിന്റെ ആവശ്യം. എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം മാദ്ധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ എസ്എഫ്‌ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു. ഇതില്‍ നാളെതന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ പ്രധാന ഹര്‍ജിയിലും മറ്റന്നാള്‍ വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചുവെങ്കിലും
വാദം കോടതി അംഗീകരിച്ചില്ല.
കേസില്‍ കൊച്ചിയിലെ കോടതിയില്‍ തുടര്‍നടപടികള്‍ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.