സ്ത്രീപീഡനക്കേസില്‍ പിടിയിലായ എസ്.എഫ്.ഐ നേതാവിനെതിരെ പണംതട്ടിപ്പിനും കേസ്‌

Jaihind Webdesk
Saturday, February 2, 2019

കൊച്ചി: സ്ത്രീ പീഡനക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ എസ്.എഫ്.ഐ നേതാവിനെതിരെ പണാപഹരണത്തിനും കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആലുവ സ്വദേശി ധനേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നയരമ്പലം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് പുതിയ കേസ്.

പാര്‍ട്ടി സെക്രട്ടറിയാണെന്നും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പറഞ്ഞാണ് ധനേഷ് വ്യവസായിയെ പരിചയപ്പെടുകയായിരുന്നു. കിട്ടാനുള്ള പണം വാങ്ങി നല്‍കാന്‍ സഹായിക്കാമെന്നും പണം വാങ്ങി നല്‍കുമ്പോള്‍ അതിന്റെ പത്ത് ശതമാനം നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടു. അഡ്വാന്‍സായി പതിനായിരം രൂപയും വാങ്ങി. സംസാരത്തിനിടയില്‍ സിപിഎം നേതാവ് ചെയര്‍മാനായ സ്ഥാപനത്തില്‍ കരാര്‍ ജോലികള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് വ്യവസായിയോട് തിരക്കി. താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ സി.പി.എം നേതാവിനെ ഫോണില്‍ വിളിച്ച് നേരിട്ട് സംസാരിക്കാന്‍ അനുവദിച്ചു. സി.പി.എം നേതാവിനെ കാണേണ്ടതു പോലെ കാണണമെന്നും പ്രതി ധരിപ്പിച്ചു.

പിറ്റേന്ന് സി.പി.എം നേതാവിനെ സ്ഥാപനത്തില്‍ പോയി കണ്ട പരാതിക്കാരന്‍ താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിദശീകരിച്ച് തിരിച്ചു പോന്നു. അതിന് ശേഷം പ്രതി പരാതിക്കാരനെ കാണുകയും സിപിഎം നേതാവിന് വീട് വച്ച വകയില്‍ 30 ലക്ഷം കടമുണ്ടെന്ന് ധരിപ്പിച്ചു. 20 ലക്ഷം രൂപ അദ്ദേഹത്തിന് അഡ്വാന്‍സായി നല്‍കണമെന്നും കരാര്‍ നല്‍കിക്കഴിഞ്ഞാല്‍ ബാക്കി പത്ത് ലക്ഷം നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതിനുശേഷം പരാതിക്കാരന്‍ സി.പി.എം നേതാവിനെ രണ്ട് തവണ കാണുകയും ജോലിക്കാരുമായി ചെന്ന് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തു. എസ്റ്റിമേറ്റ് പ്രകാരം 33 കോടിയുടെ പ്രവൃത്തിയാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷം വ്യവസായിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി നല്‍കാന്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തു.

എന്നാല്‍ സംശയം തോന്നിയതിനാല്‍ പരാതിക്കാരന്‍ പണം അയച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വാട്‌സാപ്പ് സന്ദേശം അയച്ചു. അതിനുശേഷം പലകുറി ഭീഷണി ഉണ്ടായെന്നും ഒരിക്കല്‍ ഗുണ്ടയെ വിട്ട് ആക്രമിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു. പണം വാങ്ങി നല്‍കുന്നതിനുള്ള കമ്മീഷനും സി.പി.എം നേതാവിന് നല്‍കാനുള്ള പണവും ആവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുകയാണെന്ന് കാട്ടിയാണ് വ്യവസായി പരാതി നല്‍കിയിരിക്കുന്നത്.

മറ്റൊരു കേസില്‍ പ്രതിയെ പൊലീസ് പിടിച്ചതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും പറയുന്നുണ്ട്. ധനേഷിനെതിരെ പണാപഹരണത്തിന് കേസെടുത്തതായി അസി. പൊലീസ് കമ്മീഷണര്‍ കെ ലാല്‍ജി വ്യക്തമാക്കി.