ആഡംബര വില്ല നല്‍കാമെന്നുപറഞ്ഞ് അരക്കോടി തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, December 15, 2018

ഇരിങ്ങാലക്കുട: ആഡംബര വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈ മലയാളി ദമ്പതികളില്‍ നിന്നും അരക്കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയിലായി. നിരവധി തട്ടിപ്പു കേസ്സുകളിലെ പ്രതിയും പുല്ലൂര്‍ സ്വദേശിയുമായ പുലിക്കോട്ടില്‍ മേജോയെയാണ് (46 ) ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറും എസ്.ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്. മുംബൈയില്‍ സ്ഥിരതാമസക്കാരായ പുത്തൂര്‍ കണ്ണത്ത് വീട്ടില്‍ സുരേഷ് നായര്‍ ഭാര്യ സുജാതനായര്‍ എന്നിവരില്‍ നിന്നും പല തവണയായി അമ്പതുലക്ഷം രൂപയോളം ഇയാള്‍ തട്ടിയെടുത്തത്.

ഗോഷ് ലാന്റ് വില്ലാസ്, അപ്പര്‍ട്ട്‌മെന്റ്‌സ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനിയുണ്ടാക്കി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരാതിക്കാരുമായി കരാറുണ്ടാക്കിയ പ്രതി വില്ലയുടെ വിവിധ നിര്‍മ്മാണ ഘട്ടങ്ങളുടെ ചിത്രങ്ങള്‍ ഇവര്‍ക്ക് ഓണ്‍ വഴി അയച്ചുകൊടുത്ത് ഘട്ടം ഘട്ടമായി ബാങ്ക് വഴി പണം നിക്ഷേപിപ്പിച്ചു. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം നാട്ടിലെ പലരുടേയും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളായിരുന്നു എന്ന് വൈകിയാണ് പരാതിക്കാര്‍ അറിയുന്നത്.വ്യാജ വെബ് സൈറ്റ് വഴിയും,ഇന്ത്യയിലെ പ്രമുഖ പത്രമാധ്യമങ്ങളിലും ഇംഗ്ലീഷ് മാഗസിനുകളിലും ആകര്‍ഷണങ്ങളായ പരസ്യങ്ങളാണ് ഇയാളുടെ കമ്പനിയുറ െപേരില്‍ കൊടുത്തിരുന്നത്.

തൃപ്പൂണിത്തുറയില്‍ ഇതേ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി നടക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിക്കുന്ന വില്ലകള്‍,ഫ്‌ലാറ്റുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇയാളുടെ കമ്പിനിയുടേതാക്കി പ്രസിദ്ധീകരിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്. അരിമൊത്ത കച്ചവടം നടത്താമെന്ന് പറഞ്ഞ് തൃശൂര്‍ സ്വദേശി ഔസേപ്പ് എന്നയാളില്‍ നിന്ന് 4 ലക്ഷം രപ യും ഇയ്യാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ അഞ്ച് തട്ടിപ്പു കേസുണ്ട്.തൃപ്പൂണിത്തുറ, ചോറ്റാനിക്കര, മണ്ണുത്തി, തൃശൂര്‍, അന്തിക്കാട് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിതെ കേസുകളുണ്ട്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി ഒ മുരുകേഷ് കടവത്ത്, സി.പി.ഒ മാരായ എ.കെ മനോജ്, എ.കെ രാഹുല്‍, അനൂപ് ലാലന്‍, ടി.എസ് സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.