
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (90) ഇനി ഓര്‍മ്മ. തിരുവനന്തപുരം മുടവന്മുകളിലെ വസതിയില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാലിന്റെ പിതാവ് കെ. വിശ്വനാഥന് നായര്‍ക്കും സഹോദരന് പ്യാരിലാലിനും അന്ത്യവിശ്രമം ഒരുക്കിയ അതേ മണ്ണില്‍ തന്നെയാണ് മാതാവിനെയും സംസ്കരിച്ചത്.
കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് തികച്ചും സ്വകാര്യമായാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. സംസ്കാരത്തിന്റെ ഭാഗമായുള്ള അന്ത്യകര്‍മ്മങ്ങളില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു. വൈകിട്ട് നാല് മണിക്ക് മുന്‍പ് വരെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ പ്രമുഖരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നു.
മുടവന്മുകളിലെ വസതിയില്‍ രാവിലെ മുതല്‍ നടന്ന പൊതുദര്ശനത്തില് രാഷ്ട്രീയ-സാംസ്കാരിക-സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ഇന്നലെ കൊച്ചിയിലെ വീട്ടില്‍ നടന്ന പൊതുദര്ശനത്തില് മമ്മൂട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി പി. രാജീവ് ഉള്‍പ്പടെയുള്ളവര്‍ പങ്കുചേര്‍ന്നിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയില്‍ അന്തരിച്ചത്. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ എളമക്കരയിലെ വീട്ടില്‍ വെച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു.
അമ്മയെ അഗാധമായി സ്നേഹിച്ചിരുന്ന മോഹന്‍ലാലിനും കുടുംബത്തിനും ഈ വിയോഗം തീരാനഷ്ടമാണ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് ഭൗതികദേഹം സംസ്കരിച്ചത്.