പൊന്നിനെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുത്ത് മോദി

webdesk
Monday, January 28, 2019

കേന്ദ്രമന്ത്രിയെ തടഞ്ഞ എസ്പിയെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി കൈകൊടുക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് മോദി യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ഈ ചിത്രം. ‘കേരളത്തിലെ ബിജെപി നേതാക്കന്മാര്‍ യതീഷ് ചന്ദ്ര ഐപിഎസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂര്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ശബരിമലയില്‍ സന്ദര്‍ശനത്തിനിടെ എസ്പി യതീഷ് ചന്ദ്രയുമായി കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്പിക്കെതിരെ നടപടിയെടുക്കുമെന്നും ഡല്‍ഹിക്കു വിളിപ്പിക്കുമെന്നെല്ലാം അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിട്ട് എന്തായെന്നും ഇപ്പോഴിതാ മോഡി നേരിട്ടെത്തി എസ്പിയ്ക്ക് കൈകൊടുക്കുന്നുവെന്നുമുള്ള തരത്തിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ശബരിമലയില്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രിയുടെ കൂടെയുള്ളവരുടെ സ്വകാര്യവാഹനം കടത്തിവിടാന്‍ നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി കൂട്ടാക്കാതിരുന്നത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ, കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയ എസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. യതീഷ് ചന്ദ്രയെ കേന്ദ്രത്തിലേക്ക് വിളിപ്പിക്കുമെന്നും അദ്ദേഹത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നുമായിരുന്നു അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍, യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നു ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, ഇപ്പോള്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി തൃശൂരിലെ സ്വീകരണത്തിനിടെ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുകയും പുഞ്ചിരിച്ച് സംസാരിക്കുകയും ചെയ്തു. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

Modi-YathishChandra-trolls

എന്നാല്‍, എസ്പിയെ പ്രധാനമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നെന്ന മറുവാദം ഉന്നയിച്ചും ചില ട്രോളുകള്‍ പ്രചാരത്തിലുണ്ട്.