പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കഴിഞ്ഞ തവണ രണ്ട് സീറ്റില്‍ നിന്ന് മത്സരിച്ച നരേന്ദ്രമോദി ഇക്കുറി ഒരു സീറ്റില്‍ നിന്ന് മാത്രമാണ് ജനവിധി തേടുന്നത്. നാമനിര്‍ദ്ദേശ പത്രികയില്‍ തന്റെയും കുടുംബത്തിന്റെയും വ്യക്തിവിവരങ്ങള്‍ അടക്കം രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഇത്തവണ ഭാര്യയുടെ പേരുമുണ്ട്. ഭാര്യയുടെ പേര് യശോദാബെന്‍ എന്നതൊഴികെ അവരെ കുറിച്ചുള്ള യാതൊരു വിവരവും അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദായനികുതി അടച്ചതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടിടത്ത് ഭാര്യയുടെ പേരിന് താഴെ യശോദബെന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ പാന്‍ നമ്പരോ, അവര്‍ ആദായ നികുതി അടച്ചതിന്റെ രേഖകളോ കുറിച്ചിട്ടില്ല. ഇതിന്റെ സ്ഥാനത്ത് അറിയില്ല () എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യശോദബെന്നിന്റെ ആസ്തി ബാധ്യതാ വിവരങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് യാതൊരു അറിവുമില്ല. ഇവ രേഖപ്പെടുത്തേണ്ടിടത്തും അറിയില്ല എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടെ പേരില്‍ നിക്ഷേപങ്ങളോ, അവരുടെ ഉടമസ്ഥതയില്‍ ഭൂമിയോ, കെട്ടിടങ്ങളോ എന്തെങ്കിലും ഉണ്ടോയെന്നും അറിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഭാര്യയുടെ ജോലി എന്താണെന്നോ, അവരുടെ വരുമാനം എന്താണെന്നോ അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മോദിയുടെ ആകെ ആസ്തി 2.51 കോടി രൂപയുടേതാണ്. ഇതിൽ ജംഗമസ്വത്ത് 1.41 കോടിയുടേതാണ്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. മോദിയുടെ ജംഗമ സ്വത്തുക്കൾ 2014 ൽ നിന്ന് 2019 ലേക്ക് എത്തിയപ്പോൾ 114.15 ശതമാനമാണ് വർദ്ധിച്ചത്. 2014 ൽ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത്. നിക്ഷേപങ്ങൾക്ക് ലഭിച്ച പലിശയും പ്രധാനമന്ത്രി പദത്തിലെ വരുമാനവുമാണ് വരുമാനത്തിന്റെ സ്രോതസ്സായി പറയുന്നത്.