സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗം ; ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശം മനഃപൂർവം : എം.എം ഹസന്‍

Jaihind Webdesk
Tuesday, March 30, 2021

 

കോട്ടയം : ലൗ ജിഹാദ് സംബന്ധിച്ച ജോസ് കെ മാണിയുടെ പരാമര്‍ശം മനഃപൂര്‍വമെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസന്‍. ഭാവിയില്‍ ബിജെപിയോട് അടുക്കാന്‍ പാലം വലിക്കുകയാണ് ജോസ് കെ മാണി ചെയ്തത്. മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ സര്‍ക്കാരിനുള്ള പ്രത്യുപകാരമെന്നും ഹസന്‍ കോട്ടയത്ത് പറഞ്ഞു.

ലൗ ജിഹാദ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ജോസ് കെ മാണി നടത്തിയ പരാമര്‍ശം അബദ്ധമല്ല മനപൂര്‍വമാണ്. ഭാവിയില്‍ ബിജെപിയോട് അടുക്കാന്‍ ഒരു പാലം വലിക്കുകയാണ് ജോസ് കെ മാണി ചെയ്തത്. പിണറായിയും കാനവും ചെവിക്ക് പിടിച്ചപ്പോള്‍ അദ്ദേഹം തിരുത്തുകയാണ് ചെയ്തതെന്നും ഹസന്‍ പറഞ്ഞു.

കേരളത്തില്‍ ലൗവ് ജിഹാദ് എന്നൊന്നില്ല. ഇത് ബിജെപിയുടെ പ്രചരണം മാത്രമാണ്. ഈ വിഷയത്തില്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാരുടെ ആശങ്കകള്‍ അകറ്റുമെന്ന് അവരുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. സര്‍വേ ഫലങ്ങള്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉപകാരങ്ങള്‍ക്കുള്ള പ്രത്യുപകാരമാണ്. സര്‍ക്കാരിന് അനുകൂലമായ സര്‍വേകള്‍ നടത്തി കൗശലക്കാരനായ കൈനോട്ടക്കാരന്‍റെ വേഷമണിയുകയാണ് മാധ്യമങ്ങളെന്നും ഹസന്‍ ആരോപിച്ചു.

സര്‍വേ ഫലങ്ങള്‍ വന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായെന്നും തെരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫിന് കൂടുതല്‍ അനുകൂലമായ തരംഗമാണ് കാണാന്‍ കഴിയുന്നതെന്നും ഹസന്‍ പറഞ്ഞു.