പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനം; ഇരട്ടചങ്കന്‍റെ ഇരട്ടമുഖം വ്യക്തമായെന്ന് എം.എം ഹസ്സന്‍

Jaihind News Bureau
Wednesday, May 27, 2020

 

മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന പ്രഖ്യാപനത്തിലൂടെ സി.പി.എമ്മുകാര്‍ ഇരട്ടചങ്കനെന്ന് പാടിപുകഴ്ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ഇരട്ടമുഖം വ്യക്തമായെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍.

പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും കേന്ദ്രസര്‍ക്കാരിന് ഉറപ്പുനല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. 2.50 ലക്ഷം പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദുബായ് സന്ദര്‍ശന വേളയില്‍ പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ പ്രവാസികള്‍ക്കായി കരുതിവെച്ച തുകയില്‍ നിന്നെങ്കിലും ക്വാറന്‍റൈന്‍ ചെലവിനുള്ള തുക നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പ്രളയകാലഘട്ടത്തില്‍ കേരളത്തിന് കൈത്താങ്ങായ പ്രവാസിസമൂഹത്തോട് കാണിക്കുന്ന ഏറ്റവും മനുഷ്യത്വരഹിതമായ നടപടിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ചെലവ് വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.