തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിന്‍റേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും നീക്കമെന്ന് എം.എം.ഹസൻ

Jaihind News Bureau
Wednesday, February 19, 2020

M.M-Hassan-8

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിന്‍റേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും നീക്കമെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. 27 ലക്ഷം വോട്ടർമാരുടെ അവകാശം നിഷേധിച്ചു കൊണ്ടാണ് ഇലക്ഷൻ കമ്മീഷൻ മുടന്തൻ ന്യായങ്ങൾ പറയുന്നത്. അപ്പീലിന് പോകരുതെന്ന് ആവശ്യപ്പെടുമെന്നും നിയമ നടപടികളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ യുഡിഎഫ് പ്രതിരോധിക്കുമെന്നും എം.എംഹസ്സൻ തിരുവനന്തപുരത്ത് പറഞ്ഞു.

2019 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയിന്മേല്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം തിരഞ്ഞെടുപ്പുകള്‍ നീട്ടികൊണ്ടു പോകാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. സർക്കാർ ഇലക്ഷന്‍ കമ്മീഷനും പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാനുള്ള രഹസ്യധാരണ ഉണ്ടാക്കിയിരിക്കുന്നു.

2019 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകളെ പറ്റിയുള്ള ഇലക്ഷന്‍ കമ്മീഷന്‍റെ അഭിപ്രായം അതിശയോക്തി നിറഞ്ഞതാണ് . ബൂത്ത് തലത്തില്‍ നിന്നും വാര്‍ഡുതലത്തിലേക്ക് വോട്ടര്‍ പട്ടിക മാറ്റാനുള്ള ജോലിഭാരത്തെ കുറിച്ചും ഭാരിച്ച (10 കോടി രൂപാ) ചിലവിനെക്കുറിച്ചുമാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത് . എന്നാല്‍ 2015ലെ വോട്ടര്‍പട്ടിക അംഗീകരിച്ചാല്‍ 27ലക്ഷം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള വോട്ടര്‍മാരുടെ പ്രായോഗിക ബുദ്ധിമുട്ടുകളെകുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ചിന്തിക്കാതിരിക്കുന്നത് അത്ഭുതകരമാണ്.
2015ലെ വോട്ടര്‍ പട്ടികയും 2019ലെ വോട്ടര്‍ പട്ടികയും തമ്മില്‍ പത്തുലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട് .

2015 ലെ വോട്ടര്‍പട്ടികയില്‍ നിന്നും സ്ഥലത്തില്ലാത്തവരും മരണമടഞ്ഞ വരുമായി 12 ലക്ഷം പേരുടെ പേര് നീക്കം ചെയ്തിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതല്‍ കുറഞ്ഞത് അഞ്ച് ലക്ഷം പുതിയ വോട്ടര്‍മാരെ കൂടി ചേര്‍ക്കേണ്ടിവരും. അങ്ങനെ (27 ലക്ഷം) വോട്ടര്‍മാരെ ചേര്‍ക്കേണ്ടിവരുന്ന സാഹചര്യത്തിലാണ്. മൂന്നു ലക്ഷം വോട്ടര്‍മാരുടെ പേര് പുതുതായി ചേര്‍ത്തതോടെ ഉള്‍പ്പെടുത്തേണ്ട മുഴുവന്‍ വോട്ടര്‍മാരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്ന മുടന്തന്‍ ന്യായം ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്.

2015 ലെ വോട്ടര്‍പട്ടിക അംഗീകരിച്ചാല്‍ 27 ലക്ഷം വോട്ടര്‍മാര്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും വോട്ടര്‍മാര്‍ക്ക് ഉണ്ടാവുന്ന ചിലവും കണക്കിലെടുക്കുമ്പോള്‍ 2019 ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം എത്രമാത്രം ന്യായമാണെന്ന് ഇലക്ഷന്‍ കമ്മീഷന് ബോധ്യപ്പെ ടാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.
18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ ജനാധിപത്യ ഉത്സവമാക്കി മാറ്റേണ്ടത് ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയല്ലേ ?

വാര്‍ഡ് വിഭജനത്തിലുള്ള ഡീലിമിറ്റേഷന്‍റെ കാര്യത്തിലും ഇലക്ഷന്‍ കമ്മീഷന്‍ നിയമവിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. 2019 ഡിസംബര്‍ 31 നു സെന്‍സസ് നടപടികള്‍ തുടങ്ങുന്നതിനാല്‍ വാര്‍ഡുകളുടെ പുനര്‍ നിര്‍ണയം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ സെന്‍സസ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച ഭേദഗതി നിയമത്തില്‍ ഒപ്പുവയ്ക്കാന്‍ ആദ്യം വിസമ്മതിച്ചത്. ഭരണകക്ഷിക്ക് ഭൂരിപക്ഷം നേടിയെടുക്കാനുള്ള രൂപത്തില്‍ വാര്‍ഡുകള്‍ പുനര്‍ നിര്‍ണയിക്കാനുള്ള ഗൂഢാലോചനയാണ് ഡീലിമിറ്റേഷന്‍ വേണ്ടിയുള്ള ഇലക്ഷന്‍ കമ്മീഷന്റെ പിടിവാശിക്ക് പിന്നിലുള്ളതെന്ന് വ്യക്തമായി കഴിഞ്ഞു. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നത് നിര്‍ഭാഗ്യകരമാണ്. വോട്ടര്‍പട്ടികയുടെ കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ അപ്പീലിനെതിരെ സുപ്രീംകോടതിയില്‍ നിയമനടപടി സ്വീകരിക്കാനും ഡീലിമിറ്റേഷന്റെ കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് കൊല്ലാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2020 ലെ കേരള ബജറ്റില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ടില്‍ 10% വെട്ടിക്കുറച്ചിരുന്നു. ഇതേവരെ ഒരു ബജറ്റിലും ഉണ്ടാകാത്ത നടപടിയാണിത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള തുക അനുവദിച്ച ശേഷം 2018 ലെ സ്പില്‍ ഓവര്‍ വര്‍ക്കുകള്‍ തുടരേണ്ടതില്ലെന്ന് ഗവണ്‍മെന്റ് ഉത്തരവിറക്കി അനുവദിച്ച ഫണ്ടിന്റെ 30% വെട്ടിക്കുറയ്ക്കുകയും ചെയ്തു.