ബേപ്പൂര്‍ : ബേപ്പൂര്‍ തുറമുഖ-അനുബന്ധ വ്യവസായ വികസനവുമായ് ബന്ധപ്പെട്ട് സമഗ്ര പദ്ധതികള്‍ തയ്യാറാകുന്നു. ഉരു നിര്‍മ്മാണമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായ് സാഗര്‍മാല പദ്ധതിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു. വികസനവുമായ് ബന്ധപ്പെട്ട് തുറമുഖവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ബേപ്പൂര്‍ തുറമുഖം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
മലാപ്പറമ്പ്-ബേപ്പൂര്‍ നാലുവരിപ്പാത ബേപ്പൂര്‍ തുറമുഖവുമായ് ബന്ധിപ്പിച്ചുള്ള പദ്ധതിക്ക് 420 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതിന് പിന്നാലെയാണ് പുതിയ ശ്രമം. പായക്കപ്പല്‍ നിര്‍മ്മാണം,കയറ്റുമതി തുടങ്ങിയവ സജീവമാക്കുന്നതിന്‍റെ ഭാഗമായ് എം.പി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായ് ചര്‍ച്ച നടത്തിയിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച ബേപ്പൂര്‍ പോര്‍ട്ട് സന്ദര്‍ശിച്ചത്. മന്തീഭവിച്ചിട്ടുള്ള വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പുവരുത്തിയാലേ കേന്ദ്ര ഫണ്ട് ലഭ്യമാവുകയുള്ളൂ എന്ന് എം.പി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ,സെക്യൂരിറ്റി സംവിധാനം തുടങ്ങിയവയ്ക്കായ് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം.പി പോര്‍ട്ട് ഓഫീസര്‍ അശ്വിനി പ്രതാപിനോട് ആവശ്യപ്പെട്ടു.
കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും തുറമുഖവുമായ് ബന്ധപ്പെട്ട് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.