കൊവിഡ്-19: കോഴിക്കോടിനായി റാപ്പിഡ് ടെസ്റ്റ് കിറ്റുമായി എം.കെ രാഘവന്‍ എം.പി

Jaihind News Bureau
Monday, April 6, 2020
കോഴിക്കോട്: കൊവിഡ് ആരംഭത്തില്‍ അനുവദിച്ച വെന്‍റിലേറ്ററുകള്‍ക്ക് പുറമെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടേക്നോളജി വികസിപ്പിച്ചെടുത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ എം.കെ രാഘവന്‍ എം.പി.
എം.പി ഫണ്ട് വിനിയോഗിച്ച് 3,000 യൂണിറ്റ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിക്കാനാണ് എം.പി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടേക്നോളജിയുമായി ബന്ധപ്പെട്ടത്. വിഷയം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി ഡയറക്ടര്‍ പ്രഫസര്‍ എം. രാധാകൃഷ്ണ പിള്ളയുമായി ചര്‍ച്ച ചെയ്തു.
പുതുതായി വികസിപ്പിച്ചെടുത്തതെന്ന നിലയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ന്‍റെ കൂടി അനുമതി ലഭ്യമാകേണ്ടതുണ്ടെന്ന് ഡയറക്ടര്‍ എം.കെ രാഘവന്‍ എം.പിയെ അറിയിച്ചു. ഒരാഴ്ചയ്ക്കകം തന്നെ ശാസ്ത്രീയ പരിശോധന കഴിഞ്ഞ് ഐ.സി.എം.ആര്‍ അനുമതി ലഭ്യമാകുന്ന മുറയ്ക്ക്  കിറ്റുകള്‍ നല്‍കാമെന്നും ഡയറക്ടര്‍ എം.പിയെ അറിയിച്ചു.
ഒരു യൂണിറ്റിന് 380 രൂപ നിരക്കിലാകും കിറ്റ് ലഭ്യമാകുക. ഇതിനായുള്ള തുക എം.പി ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും വിദേശ നിര്‍മ്മിതമല്ലാത്തതിനാലും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്നതിനാലും ഫണ്ട് വിനിയോഗിക്കുന്നതില്‍ കാലതാമസം വരില്ലെന്നും എം.പി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
അതോടൊപ്പം തന്നെ മെഡിക്കല്‍ കോളേജിലേക്ക് മള്‍ട്ടി പാരാ മോണിറ്റേഴ്സ്, സെന്‍ട്രല്‍ മോണിറ്ററിംഗ് ഡിസ്പ്ലേ, വീഡിയോ ലാറിംഗോസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ വങ്ങുന്നതിനായി 9.5 ലക്ഷം രൂപയും അനുവദിച്ചു.