വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ നിരവധി, സ്വപ്നമാർക്ക് അനധികൃത നിയമനം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എം.കെ മുനീർ

Jaihind News Bureau
Tuesday, July 14, 2020

 

കേരളത്തിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ എംഎല്‍എ. അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവരെ സുപ്രധാന തസ്തികകളിൽ നിയമിക്കുന്നതിന് കൂട്ടുനിൽക്കുകയാണ് സർക്കാരെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കിലയിൽ, സി-ഡിറ്റിൽ എന്നു വേണ്ട സെക്രട്ടറിയേറ്റിൽ പോലും കരാർ നിയമനങ്ങൾ നൽകിയതും കരാറുകാരെ സ്ഥിരപ്പെടുത്തൽ നടത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തൊഴിലിനു വേണ്ടി പി.എസ്.സി ഓഫീസിനു മുന്നിൽ ക്യു നിൽക്കുമ്പോൾ സ്വപ്നമാർക്ക് നാളിതു വരെ നൽകിയ അനധികൃത നിയമനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ തീരൂവെന്നും എം.കെ മുനീർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരളത്തിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്!

എത്രയോ ചെറുപ്പക്കാർ നേരിട്ടും, ഫോൺ വഴിയും, മെയിൽ വഴിയും അവരുടെ തൊഴിൽ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികൾക്കായി ബന്ധപ്പെടുന്നു.ചെറുപ്പക്കാരുടെ ദൈന്യതയുടെ മുഖമാണ് അവരിൽ ഓരോരുത്തരിലും കാണുന്നത്.സർക്കാർ ജോലി എന്ന ആഗ്രഹവുമായി നിരന്തരമായ കഠിനാധ്വാനത്തിലൂടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ കടന്നു കൂടിയിട്ടും തൊഴിൽ എന്നത് ഒരു മരീചികയായി തുടരുന്നു.
യുവാക്കൾക്ക് ഏറ്റവുമധികം തൊഴിൽ ലഭിക്കുന്ന ഒരു തസ്തികയാണ് പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ.പരീക്ഷയിൽ കൃത്രിമം കാട്ടി യൂണിവേഴ്സിറ്റി കോളേജിലെ ഗുണ്ടകൾക്ക് വരെ റാങ്ക്നൽകി ലിസ്റ്റ് അട്ടിമറിക്കാൻ നേതൃത്വം നൽകുക വഴി ഏറ്റവും കുറഞ്ഞ ആളുകളാണ് നിലവിൽ സി.പി.ഒമാരായി നിയമിക്കപ്പെട്ടത്.

എക്സൈസ്, എൽ.ഡി ക്ലർക്ക്, ഫാർമസിസ്റ്റ് എന്നിങ്ങനെ നിയമനം കിട്ടാത്ത തൊഴിൽ അന്വേഷകരുടെ പ്രതിഷേധ കൊടുങ്കാറ്റിൽ ഈ സർക്കാർ ആടിയുലയുക തന്നെ ചെയ്യും.ഒരുവശത്ത് യുവജനങ്ങളെ കണ്ണീർക്കയത്തിൽ നിർത്തിയിട്ട് കേരളത്തിലെ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും അയോഗ്യരായവരെ തിരുകിക്കയറ്റുന്ന സർക്കാർ നടപടിക്ക് എതിരെ പ്രതിപക്ഷ ശബ്ദം ഉയരുകയാണ്.

അടിസ്ഥാന യോഗ്യത പോലും ഇല്ലാത്തവരെ സുപ്രധാന തസ്തികകളിൽ നിയമിക്കുന്നതിന് കൂട്ടുനിൽക്കുകയാണ് ഗവണ്മെന്റ്.സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ സാധാരണ ജീവനക്കാരുടെ ശമ്പളമടക്കം പിടിച്ചു പറിക്കുമ്പോൾ ലക്ഷങ്ങൾ ശമ്പളം നൽകി സുപ്രധാന തസ്തികകളിൽ ക്രിമിനലുകളെ അരിയിട്ട് വാഴിക്കുകയാണിവർ.ഈ നെറികെട്ട ഭരണസംവിധാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയർത്തിയില്ലെങ്കിൽ അത് ഒരു തലമുറയോട് ചെയ്യുന്ന അപരാധമായി പോകും.
കിലയിൽ, സി-ഡിറ്റിൽ എന്നു വേണ്ട സെക്രട്ടറിയേറ്റിൽ പോലും കരാർ നിയമനങ്ങൾ നൽകിയതും കരാറുകാരെ സ്ഥിരപ്പെടുത്തൽ നടത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തൊഴിലിനു വേണ്ടി പി.എസ്.സി ഓഫീസിനു മുന്നിൽ ക്യു നിൽക്കുമ്പോൾ സ്വപ്നമാർക്ക് നാളിതു വരെ നൽകിയ അനധികൃത നിയമനങ്ങൾക്ക് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത് ;

രാത്രികളെ പകലുകളാക്കി പഠിച്ചു റാങ്ക് ലിസ്റ്റിൽ വന്നിട്ട് പോലും ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാത്ത ഈ സർക്കാരിന്റെ അന്ത്യം ചെറുപ്പക്കാരുടെ കണ്ണിൽ നിന്ന് അടർന്നു വീഴുന്ന ചുടുകണ്ണീരിൽ ആയിരിക്കും!!