പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകള്‍; തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

Jaihind News Bureau
Tuesday, January 28, 2020

Supreme-Court-of-India

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് സുപ്രീംകോടതി റജിസ്ട്രി. പിഴവുകള്‍ തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയാണ് തിരുത്തി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ കണ്ടെത്തിയ പത്തിലേറെ പിഴവുകള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ പരിഹരിച്ചിരുന്നു.  എന്നാല്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് കൂടുതല്‍ പിഴവുകള്‍ സുപ്രീം കോടതി റജിസ്ട്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.  ഇതോടെയാണ്  ഹര്‍ജിക്കൊപ്പം നല്‍കിയ രേഖകളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്.  പിണറായി സര്‍ക്കാരിന് നോട്ടീസ് അയച്ച കാര്യം സുപ്രീം കോടതി വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഇത്രയേറെ ഉപദേശകർ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന ഹർജികളില്‍ വരുന്ന ഗുരുതരമായ പിഴവുകള്‍ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി തട്ടിക്കൂട്ടുന്നതിനാലാണ് ഇത്തരം പിഴവുകള്‍ ഉണ്ടാകുന്നതെന്നും സ്വാഭാവികമായും ഹർജി ഫലം കാണാതെ പോകുകയോ പ്രയോജനരഹിതമാവുകയോ ചെയ്യുമെന്നും വിമർശനമുണ്ട്.