ആരോഗ്യ വകുപ്പില്‍ നിന്ന് കാണാതായത് കോടികള്‍ മുടക്കി മരുന്നുകള്‍ വാങ്ങിയ ഫയലുകള്‍ ; ആജീവനാന്തം സൂക്ഷിക്കേണ്ടവ

Jaihind Webdesk
Sunday, January 9, 2022

തിരുവനന്തപുര: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്നു നഷ്ടപ്പെട്ടത് വളരെ പ്രധാനപ്പെട്ട ഫയലുകള്‍. മരുന്നുവാങ്ങലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്കെതിരേ നടന്ന നിയമപ്രശ്നങ്ങളുടെ ഫയലുകൾ അപ്പാടെ നഷ്ടമായി. ഇത്തരം ഫയലുകൾ ആജീവനാന്തം സൂക്ഷിക്കേണ്ട ആർ. ഡിസ് വിഭാഗത്തിൽ വരുന്നവയാണ്.

കോടികളുടെ മരുന്നുവാങ്ങൽ, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് നഷ്ടമായ ഫയലുകളിലേറെയും. അഞ്ഞൂറിലേറെ ഫയലുകൾ നഷ്ടമായെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പൊലീസിനോട് പറഞ്ഞിട്ടുള്ളതെങ്കിലും അതിൽക്കൂടുതൽ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

നവംബർ മുതൽ ഇതിനുള്ള അന്വേഷണം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടക്കുന്നുണ്ട്. പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയും ചോദ്യംചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വകുപ്പുതലത്തിൽ അന്വേഷിക്കാൻ നിർദേശിച്ച് പൊലീസ് കൈമലർത്തുന്നതും അതിനാലാണ്.

ഫയലുകൾ കാണാതായ വിവരം നേരത്തേത്തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അനൗദ്യോഗികമായി അറിയിച്ചെങ്കിലും വിദഗ്‌ധാന്വേഷണത്തിന് നിർദേശിച്ചിരുന്നില്ല.

അതേസമയം, മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ കൊവിഡ് കാലത്ത് ടെൻഡറില്ലാതെ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട ആറായിരത്തോളം ഇ-ഫയലുകൾ നശിപ്പിച്ച സംഭവത്തിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം തുടങ്ങി. കംപ്യൂട്ടറിൽനിന്ന് മായ്ച്ചുകളഞ്ഞ ഫയലുകൾ മുഴുവനും വീണ്ടെടുത്തു. ഇവ അന്വേഷണവിഭാഗത്തിനു കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്.